നെല്ലിയാന്പതി: ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രകൃതിദുരന്തത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ട ബ്രൂക്ക് എസ്റ്റേറ്റിലെ ജോയ്സി ആണ്‍കുഞ്ഞിന് ജന്മംനല്കി. കനത്തമഴയെ തുടർന്ന് ഓഗസ്റ്റ് 15ന് രാത്രി രണ്ടിനുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് നെല്ലിയാന്പതിയിൽ ബ്രൂക്ക് ലാൻഡ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടിയുടെ പിറകുവശം 30 അടി ആഴത്തിലും 100 അടിയോളം വീതിയിലും നാലുകിലോമീറ്റർ ദൂരത്തേക്ക് ഒലിച്ചുപോയി.
അടുക്കളഭാഗം തകർന്ന പാടിയിലെ 11 അംഗ കുടുംബാംഗങ്ങൾക്കൊപ്പം താമസിച്ചിരുന്നതാണ് ഏഴുമാസം ഗർഭിണിയായ ജോയ്സി. തമിഴനാട്ടിലെ വേട്ടക്കാരൻ പുതൂർ പഞ്ചായത്തിലെ സർക്കാർപതി നിവാസിയായ മാരിയപ്പനാണ് ജോയ്സിയുടെ ഭർത്താവ്.ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിയിൽ ബ്രൂക്ക് എസ്റ്റേറ്റിലേക്കുളള വഴി പൂർണമായും തടസപ്പെട്ടു.
പ്രകൃതിദുരന്തമുണ്ടായി 12 ദിവസത്തേക്ക് ശേഷമാണ് കാവശേരി പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് പരമേശ്വരൻ, നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സണ്‍, ഫാർമസിസ്റ്റ് ആർ.സന്തോഷ് രവി, നെ·ാറ ആശുപത്രിയിലെ ഡ്രൈവർ ജോസ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം ഓറിയന്റൽ എസ്റ്റേറ്റിൽ കൂടി സഞ്ചരിച്ച് കിലോമീറ്ററുകൾ നടന്ന് 12-ാം പക്കം ബ്രൂക്ക് ലാൻഡ് എസ്റ്റേറ്റിൽ എത്തിയാണ് ഗർഭിണിയായ ജോയ്സിക്കും മറ്റു തൊഴിലാളികൾക്കും വൈദ്യസഹായം നല്‍കിയതിനുശേഷമാണ് ബ്രൂക്ക് ലാന്റ് എസ്റ്റേറ്റിൽ സംഭവിച്ച പ്രകൃതിദുരന്തം പുറലോകം അറിയുന്നത്.
പ്രകൃതിദുരന്ത പുനരധിവാസത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി.റീത്തയുടെയും നിർദ്ദേശപ്രകാരം ഗർഭിണിയായ ജോയ്സിയെ കഴിഞ്ഞ ഓഗസ്റ്റ് 30ന് ജീപ്പ് മാർഗം ബ്രൂക്ക് ലാൻഡ് എസ്റ്റേറ്റിൽനിന്നും ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സ്കാനിംഗ്, രക്തപരിശോധന എന്നിവ നടത്തി പൊളളാച്ചിയിലെ സേത്തുമടയ്ക്ക് സമീപമുള്ള ഭർത്താവിന്റെ വീട്ടിൽ നെല്ലിയാന്പതി ആശുപത്രിയിലെ ജീവനക്കാരായ ആരോഗ്യം ജോയ്സണ്‍, ജെപിഎച്ച്എൻ രത്നകുമാരി, ആർബിഎസ് കെ നഴ്സ് അഞ്ജലി വിജയൻ, പാലിയേറ്റീവ് നഴ്സ് സീതാലക്ഷ്മി എന്നിവടങ്ങുന്ന സംഘമാണ് എത്തിച്ചത്.
തലനാരിഴക്ക് രക്ഷപ്പെട്ട ജോയ്സി കഴിഞ്ഞദിവസം പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിൽ ആണ്‍കുഞ്ഞിന് ജന്മംനല്കിയത്.