കോടാലി: പ്രളയത്തിൽ കിടപ്പാടം നഷ്ടമായവർക്കായി കെപിസിസി നടപ്പാക്കുന്ന ആയിരം ഭവന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടാലി നെല്ലിക്കാവിള മേരിക്ക് കൈമാറി നിർവഹിച്ചു.
പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളി. പട്ടി ചത്താൽ പോലും ജുഡീഷ്യൽ അന്വേഷണം നടത്തുന്ന നാട്ടിൽ 450 പേർ മരിച്ച പ്രളയദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാവാത്തത് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വീഴ്ചകൾ പുറത്തുവരുമെന്നുള്ളതുകൊണ്ടാണ്.
അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്ഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് കെ.ആർ.ഒൗസേഫ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം.ചന്ദ്രൻ, നവതിയിലെത്തിയ കോണ്ഗ്രസ് നേതാവ് പി പി ലോനപ്പൻ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ എംഎൽഎ എം.പി.വിൻസന്റ്, എം.ജി.കുമാർ ,സുനിൽ അന്തിക്കാട് , കെ.ഗോപാലകൃഷ്ണൻ,ബെന്നി തൊണ്ട ുങ്ങൽ, നൈജോ ആന്റോ, ലിന്റോ പള്ളിപ്പറന്പൻ , സി.എച്ച്. സാദത്ത്, ഷാഫി കല്ലൂപറന്പിൽ, പി.പി ലോനപ്പൻ, ശിവരാമൻ പോതിയിൽ, കെ.എ. ഹനീഫ, സാജൻ മുല്ലകുന്നേൽ എന്നിവർ സംസാരിച്ചു.
മറ്റത്തൂരിലെ വിവിധ മേഖലകളിലെ പ്രതിഭകളേയും 70 പിന്നിട്ട മുതിർന്ന കോണ്ഗ്രസ് പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു.