കൊല്ലം: പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പ്രളയവും പ്രളയാനന്തര സ്ഥിതിഗതികളും നമ്മെ പഠിപ്പിച്ചുവെന്ന് മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു. പാരിസ്ഥിതിക ആഘാതം കണക്കിലെടുക്കാതെ ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കണമെന്ന് വാദിച്ചവര്‍ പോലും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുമതി വികസനം എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാമ്പിശ്ശേരി കരുണാകരന് ലൈബ്രറിയും ‘ആത്മ’യും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലാഭത്തിനുമാത്രമല്ല, പാരമ്പ്യവും സംസ്കാരവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് കൃഷി. ജൈവപച്ചക്കറി ഉല്പാദനത്തിലെ വര്‍ദ്ധനവ് പ്രതീക്ഷ ഉണര്‍ത്തുന്നതായും മന്ത്രി പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് സി ആര് ജോസ്പ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ‘ആത്മ’ പ്രോജക്ട് ഡയറക്ടര്‍ വി വേണു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഡി സുകേശന് , എസ് അംബിക , എന്നിവർ പ്രസംഗിച്ചു. ശാസ്ത്രീയമായ കൃഷിരീതികള്‍, പച്ചക്കറികളിലെ കീടബാധ എന്നിവയെക്കുറിച്ച് കൃഷിഓഫീസര്‍ പ്രമോദ് എം, ഷെറിന് എ സലാം എന്നിവര്‍ ക്ലാസ് നയിച്ചു. ഡോ. അരവിന്ദ് ബാബു, ‘ സിബിന, കീര്‍ത്തന എന്നിവര്‍ നേതൃത്വം നല്കി.