ആലപ്പുഴ: പ്രളയക്കെടുതികളിൽ നിന്നും സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മോചനം നേടുന്പോഴും ദുരിതങ്ങൾക്കറുതിയില്ലാതെ കുട്ടനാട്ടിലെ കൈനകരി നിവാസികൾ. കുട്ടനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും വീടുകളിൽ നിന്ന് ജലനിരപ്പ് താഴ്ന്നെങ്കിലും കൈനകരി നിവാസികൾക്ക് ഇന്നും സ്വന്തം വീട്ടിൽ അന്തിയുറങ്ങുകയെന്നത് സ്വപ്നമായി അവശേഷിക്കുകയാണ്.
മടവീണ പാടശേഖരങ്ങളിലെ വെള്ളം വിദേശത്തുനിന്നും കൊണ്ടുവന്ന മോട്ടറുകളടക്കം ഉപയോഗിച്ച് രാപ്പകലില്ലാതെ വറ്റിക്കുന്ന നടപടികൾ പുരോഗമിച്ചതോടെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും പ്രദേശത്തെ വീടുകളിൽ പാചകത്തിനടക്കമുള്ള സൗകര്യങ്ങൾ ഇപ്പോഴുമായിട്ടില്ല.
കൈനകരിയിലെ രണ്ട് വില്ലേജ് ഓഫീസുകളുടെ പരിധിയിൽപ്പെടുന്ന 3255 കുടുംബങ്ങൾ ഭക്ഷണത്തിനായി സർക്കാർ ആരംഭിച്ച 159 ഭക്ഷണ വിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. കുട്ടനാടിന് പുറത്ത് പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരെ കുട്ടനാട്ടിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്ന് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിന്റെ ഭാഗമായിട്ടാണ് ഭക്ഷണ വിതരണ കേന്ദ്രങ്ങൾ കഴിഞ്ഞ അഞ്ചുമുതൽ ആരംഭിച്ചത്.
13530 പേർ ഈ ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതായാണ് റവന്യു വകുപ്പിന്റെ കണക്ക്. നാട്ടിലേക്ക് മടങ്ങിയെത്തിയവർ ശുചീകരണം നടത്താൻ തയാറാണെങ്കിലും വെള്ളമിറങ്ങാത്തതിനാൽ സാധ്യതമല്ലാത്ത അവസ്ഥയാണ്. പലരും കുട്ടനാട്ടിലെ തന്നെ വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ ബന്ധുവീടുകളെയും മറ്റുമാശ്രയിച്ചാണ് കഴിയുന്നത്.