തൃശൂർ: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കു ജീവിതോപാധിയൊരുക്കാൻ മൂന്നുദിവസത്തെ സാഹിത്യ-സാംസ്കാരിക സംഗമം സംഘടിപ്പിക്കാൻ സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന “വീണ്ടെടുപ്പ്’ ആലോചനായോഗത്തിൽ തീരുമാനമായി. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷനായി.
മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ കളക്ടർ തുടങ്ങിയവർ രക്ഷാധികാരികളാകും. ജില്ലയിലെ അക്കാദമികൾ, ജയരാജ് വാര്യർ തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിക്കും. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനൻ ചീഫ് കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും.
ചിത്ര-ശില്പകലാരംഗത്തു പ്രവർത്തിക്കുന്ന ജില്ലയിലെ നൂറിലേറെ വരുന്ന കലാകാരന്മാരുടെ സംഗമം സംഘടിപ്പിക്കും. ചിത്ര-ശില്പ പ്രദർശനം, തത്സമയം ഛായാചിത്രരചന, ശില്പനിർമാണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഗമത്തിലുണ്ടാകും. കേരള ലളിതകലാ അക്കാദമി, ഗവ. ഫൈനാർട്സ് കോളജ് എന്നിവയാണ് ചിത്ര-ശില്പകലാകാരന്മാരുടെ സംഗമം സംഘടിപ്പിക്കുക.
പ്രളയത്തെ ആസ്പദമാക്കി ജില്ലയിലെ നാടകകലാകാരന്മാരെ അണിനിരത്തി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന നാടകമൊരുക്കും. ഈ നാടകം ജില്ലയിലെ എല്ലായിടത്തും അരങ്ങേറും. സംഗീതനാടക അക്കാദമി, ഇ.ടി. വർഗീസ്, ശശിധരൻ നടുവിൽ, കെ.വി. ഗണേശ് തുടങ്ങിയവർക്കാണ് ഇതിന്റെ ചുമതല.
ജനശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ മമ്മൂട്ടി, മോഹൻലാൽ, കമൽ, സത്യൻ അന്തിക്കാട്, കെപിഎസി ലളിത, ഇന്നസെന്റ് തുടങ്ങിയവർ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോയുമുണ്ടാകും. പൂരപ്പെരുമ വിളംബരം ചെയ്യുന്ന തൃശൂരിലെ 501 ലേറെ കലാകാരന്മാർ ഒത്തുചേർന്നു വാദ്യമേളം ഒരുക്കും. സംഗീതനാടക അക്കാദമി, പത്മശ്രീ പെരുവനം കുട്ടൻമാരാർ എന്നിവരാണ് വാദ്യമേള സംഗമത്തിന്റെ ചുമതല വഹിക്കുക.
വിവിധ മേഖലകളിലുളളവരെ അണിനിരത്തി നൃത്ത-സംഗീത പരിപാടികൾ സംഘടിപ്പിക്കും. പി.ടി. കുഞ്ഞു മുഹമ്മദ്, വിദ്യാധരൻ, വി.കെ. ശ്രീരാമൻ, പ്രിയനന്ദനൻ, ജയരാജ് വാര്യർ, സുനിൽ സുഖദ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി.പ്രളയവുമായി ബന്ധപ്പെട്ട് സെമിനാറുകൾ, സാഹിത്യപ്രവർത്തകരുടെ സംഗമം തുടങ്ങിയവയുമുണ്ടാകും. ഇതിലവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ പുസ്തകമാക്കും.
മഴ, പ്രളയം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് കവിതകളും കഥകളും ഉൾക്കൊള്ളിച്ച് സാഹിത്യ അക്കാദമി പുസ്തകം പ്രസിദ്ധീകരിക്കും. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. നാടൻ കലാകാരന്മാരുടെ സംഗമം, സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ നാടകങ്ങളും ഫ്ലാഷ് മോബുകളും എന്നിവ സംഘടിപ്പിക്കും.
യോഗത്തിൽ എംപിമാരായ ഡോ. പി.കെ. ബിജു, ഇന്നസെന്റ്, കെ.രാജൻ എംഎൽഎ, മേയർ അജിത ജയരാജൻ, പത്മശ്രീ പെരുവനം കുട്ടൻമാരാർ, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, സംഗീത നാടക അക്കാദമി പ്രസിഡന്റ് കെപിഎസി ലളിത, കലാമണ്ഡലം കല്പിത സർവകലാശാലയിലെ വൈസ് ചാൻസലർ ടി.കെ. നാരായണൻ, സംഗീതനാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ് ണൻ നായർ, ജില്ലാ കളക്ടർ ടി.വി. അനുപമ തുടങ്ങിയവർ പങ്കെടുത്തു.