കൊച്ചി: പ്രളയത്തിന്റെ മറവിൽ കടത്തിയ കഞ്ചാവ് വിൽപ്പന നടത്തിയവർ എക്സൈസിന്റെ വലയിൽ കുരുങ്ങി. കേരളത്തിനു പുറത്തുനിന്നു കഞ്ചാവ് മൊത്തമായി വാങ്ങി എറണാകുളത്തെത്തിച്ച് ചെറുപായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തിയിരുന്ന കുണ്ടന്നൂർ സ്വദേശി അമൽ കൃഷ്ണ, കോഴിക്കോടുനിന്നു കഞ്ചാവെത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി യൂസഫലി എന്നിവരാണു എറണാകുളം എക്സൈസിന്റെ വിലയിലായത്.
കേരളത്തിനു പുറത്തുനിന്നു മറുനാടൻ തൊഴിലാളികൾ വഴി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് കൈമാറുകയായിരുന്നു അമൽ കൃഷ്ണയുടെ രീതി. ഇപ്രകാരം കൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവിൽ നിന്നു വിൽപ്പന നടത്തിയശേഷം ബാക്കി വന്ന മൂന്നു കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്.
മൊത്ത വിതരണക്കാരിൽനിന്നു കിലോയ്ക്ക് 14000 രൂപ നിരക്കിലാണ് അമൽ കഞ്ചാവ് വാങ്ങിയിരുന്നത്. കടത്തികൊണ്ടുവരുന്ന കഞ്ചാവ് 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കി 1000 രൂപ നിരക്കിൽ യുവാക്കൾക്കും കോളജ് വിദ്യാർഥികൾക്കുമാണ് വിറ്റിരുന്നതെന്ന് ഇയാൾ പറഞ്ഞു.
1.05 കിലോ കഞ്ചാവാണ് യൂസഫലിയിൽനിന്നു പിടിച്ചെടുത്തത്. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ പരിശോധനകൾ കുറവാണെന്ന് കരുതിയാണ് കഞ്ചാവ് കൈമാറ്റം നടത്താൻ തീരുമാനിച്ചതെന്ന് ഇയാൾ സമ്മതിച്ചു.