കൊച്ചി: പ്രളയദുരിതത്തെ അതിജീവിക്കാൻ ജില്ലയ്ക്കു ബാങ്കിംഗ് മേഖലയുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള. കളക്ടറേറ്റിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം എല്ലാ മേഖലകളെയും ബാധിച്ചു.
കാർഷികമേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടായി. വിനോദസഞ്ചാര മേഖല സ്തംഭിച്ചു. സാന്പത്തികസ്രോതസുകളെല്ലാം പെട്ടെന്ന് നിശ്ചലമായി. ആളുകൾക്ക് ജീവൻ നഷ്ടമായതുൾപ്പെടെ വീടിനും വീട്ടുപകരണങ്ങൾക്കും പൊതുമുതലിനും ജീവനോപാധികൾക്കുമുണ്ടായ നഷ്ടം കനത്തതാണ്. പുനരധിവാസപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതു സംബന്ധിച്ച് പഠനം നടത്തണം.
ഇക്കാര്യത്തിൽ ബാങ്കുകൾക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്നും പൊതുജീവിതം സാധാരണനിലയിലാക്കാൻ ബാങ്കിംഗ് മേഖല രംഗത്തിറങ്ങണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ബാങ്കിംഗ് സമിതിയുടെ ജില്ലാ ക്രെഡിറ്റ് പ്ലാൻ അദ്ദേഹം പ്രകാശനം ചെയ്തു. ജില്ലയിലെ ബാങ്ക് നിക്ഷേപം 5.17 ശതമാനമായി കുറഞ്ഞു. ആകെയുള്ള 1,094 ശാഖകളിലായി 90533.65 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇതിൽ എൻആർഐ നിക്ഷേപം 28391.15 കോടി രൂപയാണ്.
വായ്പയിനത്തിൽ 72324.9 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. വായ്പാ നിക്ഷേപാനുപാതം 79.88 ശതമാനം ആണ്. യൂണിയൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും മേഖലാ മേധാവിമായ എ. കൃഷ്ണസ്വാമി മുഖ്യപ്രഭാഷണം നടത്തി.
ലീഡ് ഡിസ്ട്രിക്ട് മാനേജർ സി. സതീഷ്, റിസർവ് ബാങ്ക് എൽഡിഒ ജയരാജ്, നബാർഡ് ഡിഡിഎം അശോക് കുമാർ നായർ, നബാർഡ്, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.