തൃശൂർ: കേരളത്തിന്റെ ഭാവി വികസനത്തിനു കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ. പ്രളയാനന്തര നവകേരള സൃഷ്ടിയിൽ കൃഷിക്കു വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ “വൈഗ 2018 കൃഷി ഉന്നതി മേള’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാവർക്കും പൊതുമേഖലയിൽ തൊഴിൽ അവസരം സൃഷ്ടിക്കുക എന്നത് പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ നവ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നത് പ്രധാനമാണ്. വൈഗയിലൂടെ അന്താരാഷ്ട്രതലത്തിലെ സംരംഭങ്ങളെ കർഷകർക്കു പരിചയപ്പെടുത്താനായെന്നും അടുത്തവർഷം വൈഗ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി.
സി-ഡിറ്റ് തയാറാക്കിയ കൃഷിവകുപ്പിന്റെ പുതിയ വെബ്സൈറ്റിന്റെയും എൻഐസി തയാറാക്കിയ സോവെയറുകളുടെയും ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിർവഹിച്ചു. സംസ്ഥാനതല കർഷക അവാർഡുകളുടെ വിതരണം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു.
മികച്ച ജൈവ കാർഷിക നിയോജകമണ്ഡലത്തിനുള്ള പുരസ്കാരം പീരുമേട് എംഎൽഎ ഇ.എസ്. ബിജിമോളും രണ്ടാംസ്ഥാനത്തിനുള്ള പുരസ്കാരം ഒല്ലൂർ എംഎൽഎ കെ. രാജനും എറ്റുവാങ്ങി. വൈപ്പിൻ മണ്ഡലത്തിനാണ് മൂന്നാംസ്ഥാനം. മികച്ച കോർപറേഷനുള്ള പുരസ്കാരം മേയർ അജിത വിജയൻ എറ്റുവാങ്ങി. ഷോണി മിത്ര സംസ്ഥാന അവാർഡ് ആയുർജാക്ക് കർഷൻ വർഗീസ് തരകനു സമ്മാനിച്ചു. അവാർഡ് തുകയുടെ ഇരട്ടി തുക വർഗീസ് തരകൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി.
മികച്ച നഗരസഭകൾക്കുള്ള പുരസ്കാരം യഥാക്രമം ചിറ്റൂർ-തത്തമംഗലം, ആന്തൂർ, തൃപ്പുണിത്തുറ നഗരസഭകൾക്കു വിതരണം ചെയ്തു. സോയിൽ ആൻഡ് സർവേ വകുപ്പിന്റെ പഠന റിപ്പോർട്ടിന്റെയും സോയിൽ ആപ്പിന്റെയും പ്രകാശനവും വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് പ്രോമോഷൻ കൗണ്‍സിലിന്റെ പുതിയ ഓണ്‍ലൈൻ പോർട്ടൽ ഉദ്ഘാടനവും മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു.
ഡോ. പി.കെ. ബിജു എംപി, മേയർ അജിത വിജയൻ, എംഎൽഎമാരായ ബി.ഡി. ദേവസി, കെ.വി. അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, വി.ആർ. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ജെന്നി ജോസഫ്, കൗണ്‍സിലർ എം.എസ്. സന്പൂർണ, കൃഷിഡയറക്ടർ ഡോ. പി.കെ. ജയശ്രീ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. ബി. മോഹനൻ, നാളികേര വികസന ബോർഡ് അംഗം പി.ആർ. മുരളീധരൻ, മണ്ണുസംരക്ഷണ മണ്ണുപര്യവേഷണ വകുപ്പ് ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈഗ കാർഷിക ഉന്നതിമേളയുടെ പവലിയനുകൾ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. മന്ത്രിമാരായ കെ. രാജു, വി.എസ്. സുനിൽകുമാർ തുടങ്ങിയവരും ഗവർണറോടൊപ്പമുണ്ടായിരുന്നു.രി