കോഴിക്കോട്: നാളികേര വിലത്തകര്‍ച്ചമൂലം ദുരിതത്തിലായ കേരകര്‍ഷകരെ സഹായിക്കാന്‍ കേരഗ്രാമം പദ്ധതിയുമായി കൃഷിവകുപ്പ്. സംസ്ഥാനത്ത് 79 കേരഗ്രാമമാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 30,000 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ ചെറുവണ്ണൂര്‍ , നൊച്ചാട്, ബാലുശ്ശേരി, നന്മണ്ട, കട്ടിപ്പാറ, വളയം, വേളം, കായക്കൊടി, മൂടാടി, ചോറോട്, ഉണ്ണിക്കുളം എന്നീ പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
തെങ്ങുകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേര ഗ്രാമം പദ്ധതിയിലൂടെ തുക ചെലവഴിക്കുക. തെങ്ങിന്റെ തടം തുറന്ന് പച്ചില വളം ചേര്‍ത്ത് പുതയിട്ട് ജലസേചന സംരക്ഷണ പ്രവര്‍ത്തനം ചെയ്യുന്നതിന് ഒരു തെങ്ങിന് 35 രൂപ പ്രകാരം 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ ജൈവവളം നല്‍കുന്നതിന് തെങ്ങ് ഒന്നിന് 25 രൂപ പ്രകാരം 10 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
തെങ്ങിന് കുമ്മായം നല്‍കുന്നതിന് ഒന്‍പത് രൂപ പ്രകാരം മൂന്ന് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. രാസവളം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ഒരു തെങ്ങിന് 20 രൂപ പ്രകാരം എട്ട് ലക്ഷം രൂപ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നു.പ്രായാധിക്യം മൂലം ഉത്പാദനക്ഷമത കുറഞ്ഞതും രോഗം ബാധിച്ചതുമായ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് ഒരു തെങ്ങിന് 1000 രൂപ നിരക്കില്‍ ഒരു ഹെക്ടറില്‍ പത്ത് തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു.
മുറിച്ച് മാറ്റിയ തെങ്ങുകള്‍ക്ക് പകരം ഗുണമേന്മയേറിയ തെങ്ങിന് തൈകള്‍ നടുന്നത്തിന് പഞ്ചായത്തില്‍ തന്നെ ജനകീയാസൂത്രണ പദ്ധതിയില്‍ വിത്ത് തേങ്ങ സംഭരിച്ച് തെങ്ങിന്‍തൈ നഴ്സറി സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുതുത നഴ്സറിയില്‍ ഉത്പാദിപ്പിച്ച തൈകള്‍ 50 ശതമാനം സബ്സിഡിയില്‍ പരമാവധി 60 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കും. ഇടവിളകൃഷി പ്രോത്സാഹനവും പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്.
ഒരു ഹെക്ടറിന് 6000 രൂപ ഈയിനത്തില്‍ സബ്സിഡിയായി നല്കുന്നു. വാഴകൃഷിയാണ് ഇടിവിളയായി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ഹെക്ടറിന് 16,000 രൂപസബ്സിഡിയായി നല്‍കുന്നതിന് പെരുമണ്ണ കേരഗ്രാമം പദ്ധതിയില്‍ 40 ലക്ഷം നീക്കിവച്ചിട്ടുണ്ട്.
ഇതിനു പുറമെ ജലസേചനത്തിനായി പമ്പ് സെറ്റ് വാങ്ങുന്നതിനും കിണര്‍ കുഴിക്കുന്നതിനുമായി അഞ്ച് ലക്ഷം രൂപയും 61 തെങ്ങ് കയറ്റ യന്ത്രങ്ങള്‍ക്കായി ലക്ഷം രൂപയും ജൈവള യൂണിറ്റ് നിര്‍മാണത്തിനായി 80,000 രൂപയും നീക്കിവച്ചിട്ടുണ്ട്. കൂടാതെ കൃഷിഭവന് പ്രവര്‍ത്തന ഫണ്ടായി 15,000 രൂപയും പഞ്ചായത്തിലെ കേര സമിതി പ്രവര്‍ത്തന ഫണ്ടായി ഒരു ലക്ഷവും കയര്‍ സംസ്കരണ യൂണിറ്റി നായി രണ്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നാളികേര ഉത്പാദന ക്ഷമത കുറവാണ്. നാളികേരത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, നാളികേര കൃഷിയിടത്തിന്റെ വിസ്തൃതി വര്‍ധിപ്പിച്ച് എട്ടു ലക്ഷം ഹെക്ടറില്‍നിന്നും 10 ഹെക്ടറാക്കി മാറ്റുക എന്ന ലക്ഷ്യവുമായാണ് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കര്‍ഷകരെ ഉള്‍പ്പെടുത്തി ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്മിറ്റി രൂപീകരിച്ച് കൃഷി മേഖലയിലെ കര്‍മ്മ പരിപാടികള്‍ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.