പത്തനംതിട്ട: പ്രളയബാധിതര്‍ക്കായി കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ വായ്പ സര്‍ക്കാര്‍ ലഭ്യമാക്കും. റീസര്‍ജന്റ് കേരള ലോണ്‍ സ്കീം എന്ന് പേരിട്ട പദ്ധതി പ്രകാരമാണ് പ്രളയബാധിതര്‍ക്കായി തങ്ങളുടെ ജീവനോപാധികള്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ 10000 രൂപ ലഭിക്കുകയും കുടുംബശ്രീയില്‍ അംഗത്വവുമുള്ള കുടുംബത്തിനാണ് വായ്പ ലഭിക്കാന്‍ അര്‍ഹതയുള്ളത്. നിലവില്‍ കുടുംബശ്രീ അംഗങ്ങളല്ലാത്ത അര്‍ഹരായ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് അംഗത്വം സ്വീകരിച്ച് ഈ പദ്ധതിയിലൂടെ വായ്പയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കും.
മാത്രമല്ല, ബാങ്ക് വായ്പയ്ക്ക് അര്‍ഹരായവരെ കുടംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ കണ്ടെത്തി ശിപാര്‍ശ ചെയ്യുകയും വേണം. 18 ന് മുമ്പ് അയല്‍ക്കൂട്ടങ്ങള്‍ സിഡിഎസ് ശിപാര്‍ശ ചെയ്ത അപേക്ഷകള്‍ ബാങ്കിലെത്തിക്കണം. പ്രളയബാധിതര്‍ക്ക് വേഗത്തില്‍ ധനസഹായം ലഭ്യമാക്കുകയെന്നതാണ് റീസര്‍ജന്റ് കേരള ലോണ്‍ സ്കീം കൊണ്ട് ലക്ഷ്യമിടുന്നത്.
വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്കും വീടിനുണ്ടായിട്ടുള്ള കേടുപാടുകള്‍ പരിഹരിക്കുന്നതിനും ജീവനോപാധികള്‍ തിരികെ നേടുന്നതിനുമായിരിക്കും വായ്പ അനുവദിക്കുന്നത്. പരമാവധി ഒരു ലക്ഷം രൂപ വരെയായിരിക്കും വായ്പയെടുക്കാന്‍ സാധിക്കുക. മൂന്നോ നാലോ വര്‍ഷം കൊണ്ട് വായ്പ തുക തിരിച്ചടച്ചാല്‍ മതിയാകും.
കുടുംബശ്രീ അയല്‍ക്കൂട്ട ലിങ്കേജ് വായ്പകളായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുക. ഗുണഭോക്താവിന് പലിശരഹിത വായ്പയായിരിക്കും ലഭിക്കുന്നത്. എന്നാല്‍ ഒമ്പത് ശതമാനം വരുന്ന പലിശ സര്‍ക്കാര്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്കി തിരിച്ചടയ്ക്കും. നിലവില്‍ ദേശസാത്കൃതബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുമാണ് വായ്പാതുക നല്‍കുക.