കോഴിക്കോട്: പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ കുടുംബശ്രീ വഴി നല്കുന്ന ഒരു ലക്ഷം രൂപയുടെ വായ്പയെ കുറിച്ച് ഇപ്പോഴും അവ്യക്തത. സര്‍ക്കാര്‍ നല്കിയ അടിയന്തരധനസഹായമായ പതിനായിരം രൂപ ലഭിച്ചവര്‍ക്കാണ് കുടുംബശ്രീ വഴിയുള്ള പലിശരഹിതവായ്പ ലഭ്യമാക്കുന്നത്. എന്നാല്‍ ഈ അടിയന്തരധനസഹായം ഇപ്പോഴും പൂര്‍ണമായി നടപ്പിലായിട്ടില്ല.
അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്നും അര്‍ഹര്‍ക്ക് ലഭിച്ചില്ലെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ആദ്യഗഡുതുക ലഭിച്ചവര്‍ക്ക് രണ്ടാം ഗഡു നല്‍കിയിട്ടില്ല. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മതി തുടര്‍ നടപടികള്‍ എന്നാണ് തീരുമാനം. രണ്ടുദിവസമോ അതിലധികമോ ദിവസം വീട്ടിൽ വെള്ളം കെട്ടിനിന്നവര്ക്കാണ് സര്‍ക്കാര്‍ അടിയന്തരധനസഹായമായപതിനായിരംരൂപ അനുവദിച്ചത്.
സര്‍ക്കാര്‍ കണക്കില്‍ ഈ പട്ടികയില്‍പ്പെട്ടവരാണ് പ്രളയബാധിതര്‍ ഈ കുടുംബങ്ങളിലെ കുടുംബശ്രീ അംഗത്തിനാണ് പലിശരഹിതവായ്പയും ലഭ്യമാകുക.ഇനിയും പതിനായിരം രൂപ ലഭിക്കാത്തവര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്കാന് കുടുംബശ്രീ നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം മിക്കജില്ലകളിലും പതിനായിരത്തിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. കുറ്റമറ്റ രീതിയില്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രമേ കുടുംബശ്രീ വഴിയുള്ള വായ്പയും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കൂ.അതേസമയം കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണത്തിനുള്ള അപേക്ഷകള്‍ സിഡിഎസുകള്‍ സ്വീകരിച്ചുതുടങ്ങി.ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും വീട് റിപ്പയറിംഗിനുമാണ് ഒരു ലക്ഷം വരെ അനുവദിക്കുന്നത്.
എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ എല്ലാവരെയും അയല്‍ക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ നല്‍കുന്നത്.മൂന്നുവര്‍ഷത്തെ കാലാവധിയിലാണ് ഒരു ലക്ഷം രൂപവരെ വായ്പ നല്‍കുന്നത്. ഈ കാലയളവില്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ നല്‍കേണ്ടിവരില്ല. ബാങ്കിനുള്ള പലിശ സര്‍ക്കാര്‍ നേരിട്ട് നല്‍കും.ഇതു സംബന്ധിച്ച മാര്‍ഗരേഖ ബാങ്കുകളുമായി ചര്‍ച്ച നടത്തിയാണ് കുടുംബശ്രീ പുറത്തിറക്കിയത്. മിക്ക അയല്‍ക്കൂട്ടങ്ങളിലും ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകൾനടന്നു.
അര്‍ഹതപ്പെട്ടവര്‍ക്ക് അതാത് കുടുംബശ്രീ സെക്രട്ടറി , പ്രസിഡന്റുമാര്‍ അപേക്ഷാ ഫോമില്‍ ഒപ്പുവച്ചേശഷമാണ് സിഡിഎസിന് കൈമാറുന്നത്. കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്ത ദുരിത ബാധിതരെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും തുടര്‍ന്നുവരികയാണ്. കുടുംബശ്രീയാകുമ്പോള് വായ്പ തിരിച്ചടവിന് പ്രശ്നമില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.