മങ്കൊന്പ് : കുട്ടനാട്ടുകാർക്ക് ആശ്വാസമായി ജലനിരപ്പു താഴുന്നു. ജലനിരപ്പിൽ കുറവുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലേക്കെത്താൻ ഇനിയും ദിവസങ്ങളെടുക്കും. 2018 ലെ മഹാപ്രളയത്തിനുശേഷം സമീപകാലത്തു കുട്ടനാടൻ ജനത നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കരയൊഴിയുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒരടിയോളമാണ് ജലനിരപ്പിൽ കുറവു വന്നിട്ടുള്ളത്. ദുരിതമൊഴിഞ്ഞില്ലെങ്കിലും പ്രളയഭീതി ജനങ്ങളുടെ മനസിൽ നിന്ന് ഒഴിയുകയാണ്. ഏറ്റവും ഉയർന്ന പുരയിടങ്ങളിൽ നിന്നും വീടുകളിൽ നിന്നുമാണ് ഇപ്പോൾ വെള്ളമിറങ്ങിയിട്ടുള്ളത്.
എന്നാൽ, റോഡുകളും, പ്രധാന നാട്ടുവഴികളുമെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതുകൊണ്ടു തന്നെ റോഡ് ഗതാഗതം ഇനിയും സാധ്യമായിട്ടില്ല. പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള റോഡുകളിൽ നിന്നു വെള്ളമിറങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും.
പാടശേഖരത്തിലെ വെള്ളം വറ്റിച്ചാലേ പല റോഡുകളിലും ഇനിയും വാഹനങ്ങളോടിത്തുടങ്ങുകയുള്ളു.ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഇനിയും വെള്ളമിറങ്ങിയിട്ടില്ല. വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് വ്യാപാര സ്ഥാപനങ്ങൾക്കു കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
രണ്ടു വർഷം മുന്പുണ്ടായ പ്രളയത്തിൽ സകലതും നശിച്ച വ്യാപാരികൾ വായ്പയെടുത്തും മറ്റുമാണ് വീണ്ടും കച്ചവടമാരംഭിച്ചത്. ഇപ്പോഴുണ്ടായ പ്രളയം വ്യാപാരമേഖലയെ തളർത്തിയിരിക്കുകയാണ്.
ക്ഷീരമേഖല ദുരിതത്തിൽ
പ്രളയം നടുവൊടിച്ച മറ്റൊരു പ്രധാന വിഭാഗം ക്ഷീരകർഷകരാണ്. പലരുടെയും തൊഴുത്തുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. പുരയിടങ്ങളിൽ വെള്ളം കയറിയതിനാൽ കുറെ നാളത്തേയ്ക്ക് പച്ചപ്പുല്ലിന് ക്ഷാമം നേരിടും.
തൊഴുത്തുകൾ വെള്ളത്തിലായതിനാൽ കന്നുകാലികളെ പാലങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗതാഗത സൗകര്യങ്ങൾ പൂർവസ്ഥിതിയിലാകും വരെ മിക്കയാളുകൾക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ്.
പ്രളയത്തെത്തുടർന്ന് സമീപ നഗരങ്ങളിലേക്ക് പലായനം ചെയ്തവർ ഇനിയും മടങ്ങിയത്തിയിട്ടില്ല. ഇന്നു മുതൽ ആളുകൾ കുട്ടനാട്ടിലേ തിരികെയെത്തിത്തുടങ്ങും.
വെള്ളവും ചെളിയും നിറഞ്ഞ വീടുകൾ വൃത്തിയാക്കിയെടുക്കാൻ ദിവസങ്ങളെടുക്കും. കോവിഡിനു പിന്നാലെയെത്തിയ പ്രളയം കുട്ടനാടൻ ജനതയെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.