പത്തനംതിട്ട: മഹാപ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ചെറുകിട വ്യാപാരികളിൽ അപേക്ഷിച്ചവർക്കെല്ലാം 30ന് മുന്പ് വായ്പ ലഭ്യമാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ലീഡ് ബാങ്ക് ജില്ലാ മാനേജർ വി.വിജയകുമാരൻ അറിയിച്ചു. 10 ലക്ഷം രൂപവരെയാണ് വായ്പ നൽകുന്നത്. വായ്പയ്ക്കുള്ള അപേക്ഷ ജില്ലാ വ്യവസായകേന്ദ്രംവഴി ലഭിച്ചിട്ടുണ്ട്. അപേക്ഷകളിന്മേലുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. ഡിസംബർവരെ പുതിയ അപേക്ഷകൾ സ്വീകരിക്കുമെന്നും ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.
റാന്നി ഐടിഐയുടെ പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ടാഴ്ചയ്ക്കകം തയാറാകുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി. വെച്ചൂച്ചിറ പോളിടെക്നിക്കിലെ ഇലക്ട്രിക്കൽ ജോലികൾ അടുത്തയാഴ്ച തുടങ്ങുമെന്നു പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകി.
കുന്പനാട് – പുതുശേരി റോഡിന്റെ നിർമാണത്തിനുള്ള നടപടികൾ ടെൻഡർ തുറക്കുന്നിടംവരെ എത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തിരുവല്ല മണ്ഡലത്തിലെ സ്കൂളുകളിലേക്ക് കംപ്യൂട്ടറുകൾ വാങ്ങുന്നതിന് എംഎൽഎ ഫണ്ടിൽനിന്നും പണം അനുവദിക്കുന്നതിന് മൂന്ന് മാസം മുന്പുതന്നെ ഫിനാൻസ് ഓഫീസർക്ക് ഉത്തരവ് നൽകിയിട്ടുള്ളതായി എഡിസി (ജനറൽ) യോഗത്തെ അറിയിച്ചു.
ജില്ലയിൽ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുൾപ്പെടെയുള്ള എല്ലാ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആന്േറാ ആന്റണി എംപിയുടെ പ്രതിനിധി കെ.ജയവർമ യോഗത്തിൽ ആവശ്യപ്പെട്ടു. ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരുടേയും ഒഴിവുകൾ അടിയന്തരമായി നികത്തണം. മഴക്കാല രോഗങ്ങളെ നേരിടാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയിലെ മാവേലിസ്റ്റോർ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതിയോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ ക്യാന്പ് ഓഫീസ് നിർമാണം റീ ടെൻഡർ ചെയ്തതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു.
കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന വികസന സമിതി യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ വി. ജയമോഹൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാർ, ജനപ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ. സോമസുന്ദരലാൽ, തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.