സ്വന്തം ലേഖകന്‍
കോഴിക്കോട്: ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത്. ഇത്തവണത്തെ ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശനശ്ഷമുണ്ടായ ചാലിയാര്‍ പുഴയില്‍ നിരോധനം ലംഘിച്ച് ചുങ്കം കടവില്‍ 19-ന് മണലെടുക്കുമെന്ന് പ്രദേശത്തെ ജനകീയ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ മണലെടുക്കാനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. മണലെടുക്കാതിരിക്കുകയും ചാലിയാര്‍ പുഴയുടെ ആഴം കുറയുകയും ചെയ്തതാണ് ചാലിയാര്‍ തീരദേശത്തെയും ഒരു പ്രദേശത്തെ ഒന്നാകെയും വെള്ളത്തില്‍ മുക്കുന്നതിന് കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംസ്ഥാനത്തൊട്ടാകെ ഇതായിരിക്കും സ്ഥിതിവിശേഷമെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം നിലവിലെ സാഹചര്യം മുതലെടുത്ത് വ്യാപകമായി മണല്‍ കടത്താനുള്ള മാഫിയകളുടെ നീക്കമാണ് ഇതിനു പിന്നിലെന്ന വാദവും ഉയരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകണമെന്നിരിക്കേ നിരോധനം ലംഘിച്ച് മണലെടുക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് അധികൃതര്‍ പറയുന്നു.
നദികളില്‍ കുറെ നാളുകള്‍ക്ക് ശേഷംമണല് തിട്ടകള്‍ വ്യാപകമായി രൂപപ്പെട്ടിട്ടുണ്ട്. ചാലിയാര്‍ തീരത്ത് മുന്‍കാലങ്ങളില്‍ മണല്‍ നിയമാനൃസൃതം എടുത്തിരുന്ന പ്രധാനകടവായ മണക്കടവില്‍ ഉപ്പോള്‍ ചാലിയാര്‍ സംരക്ഷണകൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. മീനി ബീച്ചുപോലെ അടിഞ്ഞുകൂടിയ മണല്‍ തിട്ടകളില് സായാഹ്നം ചിലവഴിക്കാന്‍ എത്തുന്നവരും ഏറെയാണ്.
നദിയുടെ നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് പലയിടത്തും മണല്‍ അടിഞ്ഞുകൂടിയത്. കുന്തിപ്പുഴയില്‍ മണ്ണാര്‍ക്കാട്ടും ചാലിയാറില്‍ അരീക്കോടും പൊന്നാനി അഴിമുഖത്തും ഉണ്ടായ മണല്‍തിട്ടകള്‍ കാണാന്‍ കഴിഞ്ഞ വര്‍ഷം മുതല്നിരവധി ആളുകളാണ് ദിവസവും എത്തുന്നത്.
മലവെള്ളപ്പാച്ചിലില്‍ ഒരുപ്രദേശമാകെ ദുരിതത്തിലാകാന്‍ കാരണം പുഴയുടെ ആഴം കുറഞ്ഞതിനാലാണെന്ന വാദവും ഒരു വിഭാഗം ഉയര്‍ത്തുന്നു. പുഴയോരങ്ങളിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ പുഴയുടെ ആഴം കുറക്കാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്.മണലെടുപ്പ് നിരോധനം മൂലം നിര്‍മാണങ്ങളില്‍ മണലിനുപകരം പാറപ്പൊടിയാണ് ഉപയോഗിച്ചിരുന്നത്. ഇതുകൂടി മുന്‍ നിര്‍ത്തി ഉപയോക്താക്കളെ കൂടി സംഘടിപ്പിച്ച് മണല്‍ നിരോധനം പിന്‍വലിക്കാനാണ് ശ്രമം.
പുഴകളില്‍ അധികമായി അടിഞ്ഞുകൂടിയ മണല്‍ വില്‍പ്പന നടത്തി അതിന്റെ പ്രയോജനം സര്‍ക്കാര്‍തലത്തില്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇതു വഴിയും ഫണ്ട് കണ്ടെത്താമെന്നാണ് നേരത്തെ മണല്‍ രംഗത്ത് ജോലി ചെയ്തവര്‍ വാദിക്കുന്നത്.
കേരളത്തില്‍ നിന്നും ദിനംപ്രതി ഏകദേശം 2500 ലോഡ് മണല്‍ എടുത്തിരുന്നതായാണ് കണക്ക്. സര്‍ക്കാര്‍ വീണ്ടും മണലെടുപ്പ് തുടങ്ങിയാല്‍ ഒരു ലോഡ് മണല്‍ 6000 രൂപക്ക് വില്ക്കാന് സാധിക്കുമെന്ന് ഇവര്‍ പറയുന്നു. തൊഴിലാളി വിഹിതം 3000 രൂപയും പഞ്ചായത്ത്-സംസ്ഥാന വിഹിതമായി 1500യും ഈടാക്കി ബാക്കി 1500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും പറ്റും.
അങ്ങനെയങ്കില്‍ ഒരു മാസം കൊണ്ട് തന്നെ 11 കോടി രൂപയും ആറു മാസം കൊണ്ട് 66 കോടി രൂപയും സ്വരൂപിക്കാന്‍ കഴിയും. തൊഴിലാളികള്‍ക്കും പഞ്ചായത്തിനു വരുമാന മാര്‍ഗമെന്ന നിലയില്‍ മാത്രമല്ല സര്‍ക്കാര്‍തലത്തില്‍ ആസൂത്രണം ചെയ്ത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണലും ഇങ്ങനെ സ്വരൂപിക്കാനാവുമെന്നും ഇവര്‍ പറയുന്നു.