ചെങ്ങന്നൂർ: പ്രളയത്തിൽ വീട് തകർന്ന ഭിന്നശേഷിക്കാരൻ കനിവിനായി കേഴുന്നു. മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിലെ പനപ്പള്ളിൽ വീട്ടിൽ മനോജ് (45) ആണ് അധികാരികളുടെ കനിവിനായി കേഴുന്നത്. 2018ലെ പ്രളയത്തിൽ മനോജിന്റെ വീട് പൂർണമായും തകർന്നിരുന്നു.
ഗ്രാമ പഞ്ചായത്തും റവന്യു അധികൃതരും വീട് പുനർനിർമിക്കാൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. അങ്കണവാടിയിൽ പഠിക്കുന്ന നാലു വയസുകാരനായ മകൻ അഭിദേവും ഗർഭിണിയായ ഭാര്യ അഞ്ജുവും ഭയപ്പാടോടുകൂടിയാണ് കെട്ടുറപ്പില്ലാത്ത തകര ഷെഡിൽ കഴിയുന്നത്.
പഞ്ചായത്തംഗവും റവന്യു അധികൃതരും പലതവണ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി മനസിലാക്കിയെങ്കിലും നടപടിയായില്ല. പെരുമഴയിൽ പ്രാർത്ഥനയോടെ കഴിയുകയാണ് ഈ നിർധന കുടുംബം. നാട്ടുകാരുടേയും മനുഷ്യ സ്നേഹികളുടേയും സഹായം പ്രതീക്ഷിച്ച് കഴിയുകയാണ് മനോജും കുടുംബവും.