മാനന്തവാടി: പ്രളയത്തെതുടർന്ന് ഏക ഉപജീവനമാർഗവും കുലത്തൊഴിലുമായ മണ്‍പാത്ര നിർമ്മാണം നിലച്ചതോടെ അഞ്ച് കുടുംബങ്ങൾ പട്ടിണിയിലേക്ക്. പനമരം പഞ്ചായത്തിലെ കൊയിലേരി പാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളാണ് തീരാ ദുരിതത്തിലായത്. പ്രളയത്തെ തുടർന്ന് ഈ കുടുംബങ്ങൾ നടത്തി വന്നിരുന്ന അനശ്വര മണ്‍പാത്ര യൂണിറ്റിലെ മുഴുവൻ നിർമാണ സാമഗ്രികളും മണ്‍പാത്രങ്ങൾ ഉൾപ്പെടെ വിൽപനക്കായി തയാറാക്കി വെച്ചിരുന്നവയുമെല്ലാം വെള്ളം കയറി നശിക്കുകയായിരുന്നു.
മണ്ണ് അരക്കുന്നതിനും പാകപ്പെടുത്തിയെടുക്കുന്നതിനു മുള്ള മെഷീനുകൾ, ചൂള, വൻ വില നൽകി പലയിടങ്ങളിൽ നിന്നായി ശേഖരിച്ച മണ്ണ്, വിറക്, ചകിരി, ഓടുകൾ, പാത്രങ്ങൾ എല്ലാം പൂർണമായും നശിച്ചു. കഴിഞ്ഞ വർഷം മെഷീനിന്റെ മോട്ടർ പ്രളയത്തിൽ തകരാറിലായിരുന്നു.
സ്വർണം പണയം വെച്ചും വായ്പയെടുത്തും മറ്റുമാണ് തകരാർ പരിഹരിച്ചത്. ഒരു രൂപ പോലും നഷ്ട്ടപരിഹാരം ലഭിച്ചില്ല. ഈ വർഷം മെഷീൻ പൂർണമായും നശിച്ചു. ചൂളയും കഴിഞ്ഞ വർഷം നശിച്ചിരുന്നു. ഒരു സന്നദ്ധ സംഘടന നൽകിയ തുക ഉപയോഗിച്ച് ചൂള മറ്റൊരു സ്ഥലത്ത് സ്ഥാപിച്ചെങ്കിലും ഈ പ്രളയത്തിൽ ചൂളയും നശിച്ചു.
മുള്ളപറന്പിൽ ശ്രീജ, രാജശ്രീ, കൊട്ടാംതടത്തിൽ രജനി, പൊന്നു, കണ്ണം പറന്പിൽ മാളു എന്നിവരാണ് യൂണിറ്റ് നടത്തുന്നത്. കഴിഞ്ഞ വർഷം പണയം വെച്ച സ്വർണം പോലും എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണെന്നും ഇവർ പറഞ്ഞു.