പത്തനംതിട്ട: മഹാപ്രളയത്തിൽ മത്സ്യബന്ധനോപകരണങ്ങൾ നഷ്ടപ്പെട്ട ജില്ലയിലെ 99 മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ച 10,59,600 രൂപ നഷ്ടമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു മാർച്ച് നടത്തി.
ഫെഡറേഷൻ പ്രസിഡന്റ് പി.പി.ജോൺ മാർച്ച് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 25ന് അനുവദിച്ച നഷ്ടപരിഹാരത്തുക ട്രഷറിയിലേക്കു കൈമാറിയിരുന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കൈമാറാതെ നഷ്ടമാക്കുകയായിരുന്നുവെന്ന് ഫെഡറേഷൻ കുറ്റപ്പെടുത്തി.
സർക്കാർ ഉത്തരവ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും വള്ളവും വലയും നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഉടൻ പണം കൈമാറണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത പി.പി. ജോൺ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എസ്. ആന്റണി അധ്യക്ഷത വഹിച്ചു.സി. ഫ്രാൻസിസ്, ജോളി ആന്റണി, സുരേഷ് കുമാർ, സെയ്ദ് മുഹമ്മദ്, സി.കെ. കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.