ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണസമാഹരണം ലക്ഷ്യമിട്ട് മന്ത്രിമാർ നിശ്ചയിച്ചിരുന്ന വിദേശ യാത്രകൾക്ക് പൂട്ടിട്ട് കേന്ദ്രം. ഫണ്ട് ശേഖരണത്തിനായി മന്ത്രിമാർക്ക് വിദേശത്തേക്കു പോകാൻ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രിക്കു മാത്രമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. അതും കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ മാത്രം പങ്കെടുക്കാം. എന്നാൽ വിദേശ ഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യരുതെന്നും കേന്ദ്രം നിർദേശം നൽകി. ഇതോടെ മുഖ്യമന്ത്രിയുടെ ഗ്ലോബർ സാലറി ചലഞ്ച് ഉൾപ്പെടെയുള്ളവയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഈ മാസം 17 മുതൽ വിദേശ സന്ദർശനം നടത്താനാണ് മുഖ്യമന്ത്രിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ സ്ഥലങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്. ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശത്ത് പോകാനായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഈ മാസം 18 മുതൽ വിദേശപര്യടനം തുടങ്ങനായിരുന്നു നിശ്ചയിച്ചിരുന്നത്. സർക്കാരിന്റെ ഈ തീരുമാനങ്ങൾക്കാണ് തിരിച്ചടിയേറ്റത്.
അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി ഉയർത്തുന്നതിനും കേന്ദ്രം അനുമതി നൽകിയില്ല. പരിധി മൂന്ന് ശതമാനത്തിൽനിന്നും 4.5 ശതമാനമായി ഉയർത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ലോകബാങ്ക്, എഡിബി വായ്പകളും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.