കായംകുളം: മഴക്കാലം മറയാക്കി വള്ളികുന്നത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം വ്യാപകമായതോടെ പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം. ഇന്നലെ പുലർച്ചെയാണ് വള്ളികുന്നം, മണക്കാട് ജംഗ്ഷനിലുള്ള ബേക്കറിയിലും, തൊട്ടടുത്തുള്ള മുണ്ട് കട എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലും മോഷണം നടന്നത്.
പോസ്റ്റാഫീസിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമവും ഉണ്ടായി. ബേക്കറി ഉടമ സുകു രാവിലെ കട തുറക്കാനെത്തിയപ്പോൾ കടയുടെ ഷട്ടർ ഉയർത്തിവെച്ച നിലയിലായിരുന്നു. തുടർന്നാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വള്ളികുന്നം പഞ്ചായത്തോഫീസിന് സമീപം പ്രവർത്തിക്കുന്ന മുണ്ട് കടയാണ് മോഷണ സംഘം കുത്തിത്തുറന്നത്.
മുണ്ട് കടയിൽ നിന്നും മുണ്ടുകളും, ലാപ്പ്ടോപ്പും മോഷണം പോയതായി കടയുടമ പറഞ്ഞു. കടയുടെ പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയത്. കടയുടെ മുന്നിലായി മോഷ്ടാക്കൾ ഉപേക്ഷിച്ച താഴുകളും, കന്പ്യൂട്ടർ കീബോർഡും കാണപ്പെട്ടു. വള്ളികുന്നം പോസ്റ്റാഫീസിലും മൂന്നു കടകളിലും കവർച്ചാ ശ്രമം നടന്നു. പോസ്റ്റാഫീസിന്റെ മുന്നിലുള്ള വാതിലിന്റെ ഗ്രില്ല് തകർക്കാൻ മോഷണ സംഘം ശ്രമം നടത്തി. വള്ളികുന്നം പോലീസ് അന്വേഷണം ഉൗർജിതമാക്കി.