ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെതിരേ കേസെടുത്ത നടപടി സർക്കാർ പിൻവലിക്കുന്നു. ചേർത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ച കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരേയാണ് നടപടിയെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം ഓമനക്കുട്ടൻ വെള്ളം കയറി ദുരിതത്തിലായ പാവങ്ങളുടെ പക്കൽ നിന്നും പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ വ്യാപമായി പ്രചരിച്ചതോടെ പാർട്ടിയും സംഭവത്തിൽ ഇടപെട്ടു. പാർട്ടിയുടെ അംഗത്വത്തിൽ നിന്നും ഓമനക്കുട്ടനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. ചേർത്തല തഹസിൽദാർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഓമനക്കുട്ടന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി പിൻവലിക്കാൻ തീരുമാനിച്ചത്. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന് ചെയ്തതെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. ഓമനക്കുട്ടനെതിരേ പരാതിയില്ലെന്ന് ക്യാമ്പ് അംഗങ്ങളും, മുഖ്യമന്ത്രിക്ക് നിവേദനം നല്കി.