കണമല: അഞ്ചു വർഷം മുമ്പ് ഇതേ ദിവസം സ്വാതന്ത്ര്യദിനത്തിന്റെ പുലരിയിൽ നടുങ്ങി വിറങ്ങലിച്ച ഭയാനകമായ മഹാപ്രളയത്തിന്റെ അനുഭവം ഒരിക്കലും നാട്ടുകാരുടെ മനസിൽനിന്നു മായില്ല.
എരുമേലിയുടെ കിഴക്കൻ മലയോരമേഖല അപ്പാടെ എയ്ഞ്ചൽവാലിയും കണമലയും അറയാഞ്ഞിലിമണ്ണുമൊക്കെ പ്രളയത്തിൽ മുങ്ങിയത് 2018 ഓഗസ്റ്റ് 14 അർധരാത്രിയോടെയായിരുന്നു. പിറ്റേന്നു നേരം പുലർന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരുന്ന നാട് പ്രളയത്തിന്റെ നടുവിലായി മാറി.
എല്ലാം ഒലിച്ചുപോയി
അറയാഞ്ഞിലിമണ്ണിലെ നടപ്പാലവും ജലസംഭരണടാങ്കും പുലർച്ചയ്ക്കു മുമ്പേ ഒലിച്ചുപോയി. കണമലയിലെ പുതിയ പാലം വരെ പ്രളയജലമെത്തി. ഈ പാലമൊഴികെ മറ്റ് പാലങ്ങൾ മുങ്ങി കാണാനാകാത്ത വിധമായിരുന്നു.
എയ്ഞ്ചൽവാലിയിലും മൂക്കൻപെട്ടിയിലും പാലങ്ങൾ വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നു. എയ്ഞ്ചൽവാലിയിൽ പിന്നീട് നാട്ടുകാർ നദിയിൽ മണ്ണിട്ട് നികത്തിയാണ് ഗതാഗതം സാധ്യമാക്കിയത്. വെള്ളത്തിൽ മുങ്ങിയ നിരവധി വീടുകളിൽ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവർ സേവനം നൽകി ശുചീകരണം നടത്തിയത് മറക്കാനാവില്ല.
രക്തസാക്ഷിയാണ് ജോസ്
പമ്പാനദിയിൽ വീണ ലൈൻ കമ്പികൾ കൂട്ടിച്ചേർത്ത് നാടിന് വൈദ്യുതി നൽകാൻ വേണ്ടി വെള്ളപ്പൊക്കത്തിൽ നീന്തുന്നതിനിടെ ജീവൻ പൊലിഞ്ഞ കണമല ആലപ്പാട്ട് വാധ്യാമല ജോസ് നൊമ്പരമേറ്റുന്ന ഓർമച്ചിത്രമാണ്.
അക്കരയിലേക്ക് നീന്തിയെത്താൻ കഴിയാതെ വെള്ളത്തിൽ മുങ്ങി ജോസ് മരിച്ചത് നാടിന് മറക്കാനാവാത്ത വേദന പകർന്നിരുന്നു.
ആന്റപ്പന്റെ ബുദ്ധി
നിറഞ്ഞുകവിഞ്ഞ പമ്പയാറിന്റെ കുറുകെ ഭക്ഷണവും മരുന്നുമെത്തിയ ആ നാളുകൾ അറയാഞ്ഞിലിമണ്ണിലെ ജനങ്ങൾക്കും ഒരിക്കലും മറക്കാനാവില്ല. നാട്ടുകാരനായ ആന്റപ്പന്റെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു റോപ് വേ എന്ന മാർഗം.
ഹെലികോപ്റ്ററിൽ രക്ഷാദൗത്യം
പ്രളയം വിഴുങ്ങിയപ്പോൾ ഒറ്റപ്പെട്ടുപോയ എയ്ഞ്ചൽവാലിയിൽ കുടുങ്ങിയവർക്ക് സെന്റ് മേരീസ് സ്കൂളിന്റ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി എത്തിച്ച ഭക്ഷണവും മരുന്നുമായിരുന്നു ആദ്യത്തെ ആശ്വാസം.
അഞ്ചു വയസ് പ്രായമായ മകൻ അഭിനെ നോക്കിയിരിക്കുമ്പോൾ ആറാട്ടുകയം മുട്ടുമണ്ണിൽ റെജിയുടെ മകൾ രജനിയുടെ മനസിലും ആ ഹെലികോപ്റ്റർ പറന്നിറങ്ങും.
നിറവയർ താങ്ങിപ്പിടിച്ച് വേദനയിൽ രജനി എയ്ഞ്ചൽവാലിയിൽ പ്രളയത്തെ താണ്ടി ഹെലികോപ്റ്ററിൽ സഞ്ചരിച്ചാണ് ആശുപത്രിയിൽ അഭിന് ജന്മം നൽകിയത്.
തോറ്റില്ല നടപ്പാലം
പാലങ്ങളെയെല്ലാം പ്രളയം കവർന്നപ്പോൾ അഴുതമുന്നി നടപ്പാലത്തിലൂടെയാണ് രക്ഷാപ്രവർത്തനം നടത്താനായത്. സ്ലാബ് തെന്നിമാറിയിട്ടും ഇളകാതെ പിടിച്ചുനിന്ന പമ്പാവാലിയുടെ ആദ്യ പാലമായ ഈ നടപ്പാലം ഇനിയും വികസിപ്പിച്ച് പുതുക്കി പ്പണിയാനായിട്ടില്ല.
അന്നത്തെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉൾപ്പെടെ ഈ പാലത്തിലൂടെ സഞ്ചരിച്ചാണ് എയ്ഞ്ചൽവാലിയിൽ സഹായഹസ്തങ്ങൾ എത്തിച്ചത്.
രക്ഷകനായി സുധാകരനില്ല
അറയാഞ്ഞിലിമണ്ണിൽ ഓരോ വെള്ളപ്പൊക്കത്തിലും നാടിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിൽനിൽക്കുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. സുധാകരൻ ഇപ്പോൾ ജീവനോടെയില്ല.
രണ്ട് വർഷം മുമ്പാണ് അദ്ദേഹം മരിച്ചത്. 2018ലെ മഹാപ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് പമ്പയാറിന് കുറുകെ ലൈൻ കമ്പികളിലൂടെ റോപ് വേ ഒരുക്കാൻ സുധാകരൻ മുന്നിലുണ്ടായിരുന്നു. പ്രളയത്തിൽ നാട് ഒറ്റപ്പെട്ടപ്പോൾ പുറംലോകത്ത് നാടിന്റെ ദുരിതാവസ്ഥ അറിയിച്ചതും സുധാകരനായിരുന്നു.
അന്ന് മുഖ്യമന്ത്രി ഹെലികോപ്റ്റർ അയയ്ക്കട്ടെയെന്ന് ഫോണിൽ വിളിച്ചുചോദിച്ചത് സുധാകരനോടായിരുന്നു. സുധാകരന് ഡയാലിസിസ് മുടങ്ങിയത് അറിഞ്ഞിട്ടാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ചത്.
തനിക്കായി ഹെലികോപ്റ്റർ വേണ്ടെന്ന് അറിയിച്ച സുധാകരൻ അന്ന് 12 കിലോമീറ്റർ വനത്തിലൂടെ നടന്ന് പെരുന്തേനരുവി ഡാമിന്റെ റോഡിലെത്തിയാണ് കോഴഞ്ചേരിയിൽ ചെന്ന് ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായത്. ആദ്യകാലത്ത് കാലവർഷസീസണിൽ പാലം വെള്ളത്തിലാകുമ്പോൾ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച തൂക്കുപാലം ആയിരുന്നു ആശ്രയം.
പിന്നീട് തൂക്കുപാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയപ്പോൾ ഇത് കണ്ട് മാറി തൊട്ടടുത്ത് സുധാകരനുണ്ടായിരുന്നു. മഹാ പ്രളയത്തിൽ കോസ്വേ പാലം മുങ്ങുമ്പോൾ അവസാനമായി പാലം കടന്ന് അറയാഞ്ഞിലിമണ്ണിലേക്ക് വന്നതും സുധാകരനായിരുന്നു.
ദുരന്തങ്ങളേ… ഇനിയും വരരുതേ..
ഒട്ടേറെ വെള്ളപ്പൊക്കങ്ങളും ഉരുൾപൊട്ടലുമൊകെ നേരിട്ടതിന്റെ ഓർമകൾ മറക്കാനാവാത്ത ഈ നാടിന് ഒരേ ഒരു പ്രാർഥനയേ ഉള്ളൂ. വീണ്ടും ദുരന്തങ്ങൾ തേടിയെത്തരുതേയെന്ന പ്രാർഥനയാണ് അത്.