പത്തനംതിട്ട: മഹാപ്രളയത്തിൽ ജില്ലയ്ക്ക് 1810 കോടി രൂപയുടെ നാശനഷ്ടമാണ് സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കുമായി തിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് കളക്ടറുടെ റിപ്പോർട്ട്. നഷ്ടം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിനാണ് ഇത്തരത്തിലുള്ള വിശദമായ കണക്ക് കൈമാറിയത്.
കൃഷി വകുപ്പ് 66.03 കോടി , മൃഗസംരക്ഷണം 16.89 കോടി, സപ്ലൈകോ 8.32 കോടി, പൊതുവിതരണ വകുപ്പ് ഒരു കോടി, പൊതുമരാമത്ത് നിരത്ത് 446 കോടി, പൊതുമരാമത്ത് കെട്ടിട വിഭാഗം 2.96 കോടി രൂപ, വൈദ്യുതി വകുപ്പ് 33 കോടി, ജലസേചന വകുപ്പ് 50 കോടി, ജല അഥോറിറ്റി 69 കോടി, ജലഅഥോറിറ്റി പിഎച്ച് ഡിവിഷൻ 70 കോടി, മൈനർ ഇറിഗേഷൻ 36.3 കോടി, പഞ്ചായത്തുകൾ 159 കോടി, മുനിസിപ്പാലിറ്റികൾ 65.3 കോടി, ഫിഷറീസ് 3.94 കോടി, കഐസ്ആർടിസി 1.65 കോടി, മറ്റ് ഏജൻസികൾ 781.59 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്.
സ്വകാര്യ വ്യക്തികൾക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച് പൂർണമായ വിവരം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിൽ 18 പഞ്ചായത്തുകളെ പ്രളയം പൂർണമായും ബാധിച്ചതായും 27 പഞ്ചായത്തുകളെ ഭാഗികമായി ബാധിച്ചതായും കളക്ടർ സംഘത്തെ അറിയിച്ചു. 51868 വീടുകളും 2944 ഓഫീസുകളും 821 പൊതുസ്ഥലങ്ങളും 36352 കിണറുകളും ശുചീകരിച്ചു.
റാന്നി താലൂക്കിലെ പെരുനാട് വില്ലേജിൽ പെട്ട ബിമ്മരം, കോന്നി താലൂക്കിലെ ചിറ്റാർ വില്ലേജിലുള്ള വയ്യാറ്റുപുഴ, മീൻകുഴി എന്നീ ജനവാസ കേന്ദ്രങ്ങളിൽ ഉരുൾപൊട്ടലുകൾ ഉണ്ടായി. ഇതിനു പുറമേ വന മേഖലകളിൽ 14 സ്ഥലങ്ങളിലും ഉരുൾ പൊട്ടലുകൾ ഉണ്ടായി. ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്നതിന് ജില്ലയിൽ ഏഴ് ഹബുകൾ ആരംഭിക്കുകയും 58595 കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. 1696 ദുരിതാശ്വാസ ക്യാന്പുകളിലായി 58087 കുടുംബങ്ങളിലെ 133077 പേരെയാണ് മാറ്റി പാർപ്പിച്ചത്.
രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 20.97 കോടിരൂപ ചെലവായതായും ജില്ലാ കളക്ടർ അറിയിച്ചു. പ്രളയ സമയത്തെ ദുരിതവും രക്ഷാപ്രവർത്തനങ്ങളുടെ നേർകാഴ്ചകളും ഉൾക്കൊള്ളിച്ച് തയാറാക്കിയ വീഡിയോ അവതരണവും കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിനു മുന്പായി ഒരുക്കിയിരുന്നു.
രക്ഷാപ്രവർത്തനം മുതൽ ശുചീകരണം വരെ ഓഗസ്റ്റ് 14 മുതൽ ഒരു മാസം നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണം ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇന്നലെ രാവിലെ തിരുവല്ലയിലെത്തിയ കേന്ദ്രസംഘം മന്ത്രി മാത്യു ടി.തോമസ്, ജില്ലാ കളക്ടർ പി.ബി. നൂഹ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് വിവിധ സ്ഥലങ്ങളിലേക്കു പുറപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, എഡിഎം പി.ടി. ഏബ്രഹാം, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടർ എസ്. ശിവപ്രസാദ്, ആർഡിഒമാരായ റ്റി.കെ. വിനീത്, എം.എ. റഹീം, തഹസീൽദാർമാരായ ശോഭന ചന്ദ്രൻ, ബി.ജ്യോതി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ കേന്ദ്രസംഘത്തെ വിവരങ്ങൾ ധരിപ്പിക്കുന്നതിനെത്തിയിരുന്നു.