പത്തനംതിട്ട: പാതിവഴിയിലായ ടൂറിസം പദ്ധതികളെ പൂർണമായി മഹാപ്രളയം കവർന്നു. രണ്ടുമാസം മുന്‍പ് പ്രളയം തകർത്ത ടൂറിസം പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനരുദ്ധാരണത്തിനു നടപടികളായിട്ടില്ല. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായിരുന്ന പെരുന്തേനരുവി, മണിയാർ പ്രദേശങ്ങളെ പ്രളയം പൂർണമായി തകർത്തിരുന്നു. ആറന്മുളയിലടക്കം ടൂറിസം അമിനിറ്റി കേന്ദ്രങ്ങളും പ്രളയത്തിൽ മുങ്ങിയിരുന്നു.
മണിയാറിലും പെരുന്തേനരുവിയിലും ടൂറിസം പദ്ധതികളുടെ ഭാഗമായി പണി തീർത്ത സംവിധാനങ്ങളെയാണ് പ്രളയം ഇല്ലാതാക്കിയത്. മണിയാർ സംഭരണിയോടു ചേർന്നു നിർമിച്ചിരുന്ന വിശ്രമ സംവിധാനങ്ങളെ അടക്കമാണ് പ്രളയം തകർത്തെറിഞ്ഞത്.
പെരുന്തേനരുവിയിൽ നിർമിച്ചിരുന്ന നടപ്പാതകൾ, ഇരിപ്പിടങ്ങൾ അടക്കം തകർന്നു. മണിയാറിലും വിശ്രമസംവിധാനങ്ങൾ തകർന്നടിഞ്ഞു. ആറ·ുളയിൽ ഡിടിപിസി അമിനിറ്റി സെന്ററിൽ വെള്ളം കയറി. കുടുംബശ്രീ ഭക്ഷണശാലയ്ക്കടക്കം വാടകയ്ക്കു നൽകിയിരുന്ന സംവിധാനങ്ങളെയാണ് പ്രളയം ഇല്ലാതാക്കിയത്.
രണ്ടുമാസമായിട്ടും ഇതിന്റെ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ആറ·ുള പിഡബ്ല്യുഡി സത്രത്തിൽ വെള്ളം കയറി നാശനഷ്ടങ്ങളേറെയുണ്ടായതാണ്. ഇതിന്റെ പുനരുദ്ധാരണ ജോലികൾ കഴിഞ്ഞദിവസമാണ് പൂർത്തീകരിച്ചത്. സത്രം കോന്പൗണ്ടിലടക്കം ചെളി നിറഞ്ഞുകിടക്കുകയായിരുന്നു.
സത്രം പവലിയന്റെ പുനരുദ്ധാരണ ജോലികളും നടത്തേണ്ടിവന്നു. ടൂറിസം കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനു തടസമായിരിക്കുന്നത് പ്രദേശങ്ങളിൽ വന്നടിഞ്ഞ ചെളിയാണ്. ഇതു നീക്കം ചെയ്യാൻ ആയിട്ടില്ല. മാരാമണ്‍, ചെറുകോൽപ്പുഴ മണൽപ്പുറങ്ങളിലും ചെളി അടിഞ്ഞിരിക്കുകയാണ്.