പത്തനംതിട്ട: മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ പെരുവഴിയിലായി. കയറിക്കിടക്കാൻ ഇടമില്ലാത്ത നൂറുകണക്കിനു കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കുന്നതിനു മുന്പുള്ള പ്രാഥമിക നടപടികൾ പോലും പൂർത്തീകരിച്ചിട്ടില്ല.ജില്ലയിൽ വീടു നഷ്ടപ്പെട്ടവരുടെ കണക്കുകൾ ഇപ്പോഴും അവ്യക്തം. പ്രാഥമിക കണക്കെടുപ്പിൽ 724 വീടുകൾ പൂർണമായും 32370 വീടുകൾ ഭാഗികമായും നഷ്ടപ്പെട്ടുവെന്ന കണക്കാണ് റവന്യുവകുപ്പ് നൽകിയത്.
പിന്നാലെ തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയർമാരെ ഉപയോഗിച്ച് കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചു. ഇവരുടെ റിപ്പോർട്ട് സമയബന്ധിതമായി വാങ്ങിയെങ്കിലും അവ്യക്തതകൾ ബാക്കിയാണ്. ഇവരുടെ കണക്കെടുപ്പിനെതിരെ പരാതികളുമായി എംഎൽഎമാർ അടക്കം രംഗത്തെത്തി. അർഹരായ പലരെയും പട്ടികയിൽ നിന്നൊഴിവാക്കിയെന്ന പരാതി ഏറിയതോടെ വീടു നഷ്ടമായവരുടെ പേരുവിവരം വെബ്സൈറ്റിൽ നൽകാനുള്ള തീരുമാനവും മരവിപ്പിച്ചു.
10,000 രൂപ ധനസഹായവിതരണം പോലും ഇതേവരെ പൂർത്തീകരിക്കാനാകാത്ത സാഹചര്യത്തിൽ വീടുകളുടെ നിർമാണം എങ്ങനെ നടത്തുമെന്നത് അധികൃതർക്കു മുന്പിൽ ചോദ്യചിഹ്നമാകുന്നു.വീട് നിർമാണം സംബന്ധിച്ച് സർക്കാർതലത്തിലും നിർദേശങ്ങളുണ്ടായിട്ടില്ല. പ്രളയത്തേ തുടർന്ന് താമസിക്കാനിടമില്ലാതെ ഇപ്പോഴും ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്നവരുണ്ട്.
ജില്ലയിൽ രണ്ട് ദുരിതാശ്വാസക്യാന്പുകൾ തുടർന്നിരുന്നു. മറ്റു ചില കുടുംബങ്ങൾ ബന്ധുവീടുകളിലാണ ്ഇപ്പോഴും താമസം. സംഘടനകളുടെയും മറ്റും കാരുണ്യത്തിൽ കഴിയുന്നവരുമുണ്ട്. വീടു നഷ്ടപ്പെട്ടവർക്ക് സഹായവാഗ്ദാനവുമായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും രംഗത്തുണ്ട്. എന്നാൽ സർക്കാർ മാർഗനിർദേശവും സഹായവും അറിയാത്തതിനാൽ ഇത്തരം സഹായങ്ങൾ സ്വീകരിക്കാൻ മടിക്കുന്നവരുമുണ്ട്.
ഉരുൾപൊട്ടൽ മേഖലകളിലും നദീ തീരങ്ങളിലും തകർന്ന വീടുകൾക്കു പകരം പുതിയ സ്ഥലം കണ്ടെത്തി വീടുകളോ ഫ്ളാറ്റുകളോ നിർമിക്കണമെന്ന അഭിപ്രായമാണ് സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്കുള്ളത്. ഭൂമിയുടെ ലഭ്യതക്കുറവു കാരണം ഈ പദ്ധതി വൈകാനിടയുണ്ട്. ഇതിനിടെ ഭാഗികമായി വീടുകൾക്കു തകരാറുണ്ടായവരും സർക്കാരിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കുന്നുണ്ട്.
വീടുകൾക്കു വിള്ളൽ, ബലക്ഷയം തുടങ്ങിയ പ്രശ്നങ്ങളിൽ താമസിക്കാൻ കഴിയാത്ത പല കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഭാഗികമായി തകർന്ന വീടുകളുടെ എസ്റ്റിമേറ്റ് എടുത്തു നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകിയിരുന്നു. ഇതും പൂർത്തിയായിട്ടില്ല. എത്രശതമാനത്തോളം തകർച്ചയുണ്ടായെന്ന വിവരമാണ് പ്രധാനമായും ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അറ്റകുറ്റപ്പണിക്കും സഹായം അനുവദിക്കാനാകൂവെന്നതാണ് സർക്കാർ നിലപാട്.
10,000 രൂപ ധനസഹായത്തിന് വീണ്ടും ഇന്നലെ വരെ അപേക്ഷ സ്വീകരിച്ചിരുന്നു. അനർഹരായ പലരും പണം വാങ്ങിയിട്ടുണ്ടെന്നു വ്യക്തമായെങ്കിലും ഇതിൽ നല്ലൊരു പങ്കിൽ നിന്നും തുക തിരികെ പിടിക്കാനായിട്ടില്ല. ഡേറ്റാ എൻട്രിയിലെ പാളിച്ച പ്രധാന പ്രശ്നമായി മാറിയിരുന്നു.
6800 രൂപ സംസ്ഥാന സർക്കാർ സഹായവും 3200 രൂപ കേന്ദ്രസഹായവും ഉൾപ്പെടുത്തിയാണ് തുക നൽകിയത്. രണ്ടുദിവസമെങ്കിലും വെള്ളത്തിലായ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തിയാണ് സഹായം നൽകിയതെന്ന് വാഗ്ദാനം. ഇതിൽ ഒരു സഹായം മാത്രം ലഭിച്ചവരും നിരവധിയാണ്. പരാതികളും പ്രശ്നങ്ങളും ഏറിയതോടെയാണ് വീണ്ടും അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.