വൈപ്പിൻ: വെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ വെള്ളമിറങ്ങിയതിനെ തുടർന്നു തിരികെ വീടുകളിലേക്ക് പോയെങ്കിലും അറുപതുകാരിയായ ഞാറക്കൽ അഞ്ചുചിറ വലിയപറന്പ് ഫിലോമിനക്കും മകൻ 19 കാരനായ സിജോയ്ക്കും തിരികെ പോകാൻ ഇടമില്ല. മഴയിലും കാറ്റിലും ഇവരുടെ വീട് ഭാഗികമായി ഇടിഞ്ഞ് വീണതിനാലാണ് തിരികെ പോകാൻ ഇടമില്ലാതായിരിക്കുന്നത്.
മേരിമാതാ കോളജിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞിരുന്ന ഇരുവരെയും ഇവിടത്തെ ക്യാന്പ് അവസാനിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ എസ്സി വനിതാ സംഭരകർക്കായി നിർമിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് താൽക്കാലിമകമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആകെയുള്ള രണ്ടേകാൽ സെന്റ് ഭൂമിയിൽ ഉള്ള ചെറിയ വീട് ഭൂമിനിരപ്പിൽ നിന്നും ഒരടി താഴ്ന്ന അവസ്ഥയിലാണ്.
മഴപെയ്താൽ വെള്ളം ഒഴുകിയെത്തുന്നത് വീടിനകത്തേക്കായിരുന്നു. വീടിനോട് ചേർന്ന് ഒരു കനാൽ ഉള്ളതിനാൽ പുതിയ വീട് വെക്കാൻ തീരദേശപരിപാലന നിയമത്തിന്റെ വിലക്കുണ്ടത്രേ. ഇതുമൂലം പഞ്ചായത്തിന്റെ ഭവനപദ്ധതികളിൽ എല്ലാം ഈ കുടുംബം തഴയപ്പെട്ടു. ഇപ്പോൾ ലൈഫ് പദ്ധതിയിലും ഇവരെ പരിഗണിച്ചിട്ടില്ലെന്നാണ് പറയുന്നത്.