തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാടാകെ വിറങ്ങിലിച്ചു നിൽക്കുമ്പോൾ രക്ഷാപ്രവർത്തനങ്ങളെയും സാഹയങ്ങളെയും തങ്ങളുടേതായി ചിത്രീകരിക്കാൻ ആരും ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ചിഹ്നങ്ങൾ ധരിച്ച് ദുരിതാശ്വാസ ക്യാമ്പുകൾക്കകത്തേക്കു കയറേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ അടയാളങ്ങളുമായി പ്രവേശിക്കേണ്ടതില്ല.
ആളുകളെ കാണാന്‍ ക്യാമ്പുകളിൽ പോകുന്നവർ ചിട്ടകൾ പാലിക്കണം. എല്ലാവരും ക്യാമ്പുകൾക്ക് അകത്തേക്കു കയറരുത്. അനുമതിയുള്ളവർ മാത്രമേ ക്യാമ്പുകൾക്ക് അകത്തേക്ക് കയറാൻ പാടുള്ളു- മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നു രണ്ടു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെന്നും അതുകൊണ്ട് രണ്ടുദിവസം കൂടി നല്ല ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നു രാവിലെ ഒമ്പതു മണിവരെയുള്ള കണക്കനുസരിച്ച് 60 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും (നിലവിൽ 69) 1,551 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത്രയും ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണ് ഉള്ളതെന്നും വ്യക്തമാക്കി.
അണക്കെട്ടുകളുടെ സ്ഥിതിയിലും ആശങ്കപ്പെടേണ്ടതില്ലെന്നു പിണറായി അറിയിച്ചു. തെറ്റായ വിവരങ്ങളുടെ പ്രചാരണം രക്ഷാപ്രവര്‍ത്തനങ്ങളെയും ജനങ്ങള്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനെയും ബാധിക്കുന്നുണ്ട്. ഊഹാപോഹങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണവും തടയാന്‍ കൂട്ടായ ഇടപെടല്‍ വേണം- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് വ്യാപക പ്രചരണം നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് പ്രധാനമായും നടക്കുന്നത്. അങ്ങനെ പ്രചരിപ്പിക്കുന്നത് ഈ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്. ഇത്തരം പ്രചാരണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണും- അദ്ദേഹം വ്യക്തമാക്കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അംഗീകൃതമായ ഔദ്യോഗിക സംവിധാനമാണ്. അതില്‍ ലഭിക്കുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുക. പാവങ്ങളില്‍ പാവങ്ങളായ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാണത്.
സംഭാവനകളിലൂടെ സമാഹരിക്കുന്നതു മാത്രമല്ല, ബജറ്റില്‍നിന്നുള്ള വിഹിതവും ഈ നിധിയിലുണ്ട്. പ്രളയ ദുരിതാശ്വാസ നിധി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന പ്രചാരണം തെറ്റാണ്. വ്യാജപ്രചാരണങ്ങളില്‍ വീണുപോകരുത് എന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു- മുഖ്യമന്ത്രി വിശദീകരിച്ചു.