കൊച്ചി: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ സിവിൽ സപ്ലൈസ് വകുപ്പിനു കീഴിൽ മാത്രം 3.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്കുകൾ. ധാന്യങ്ങൾ, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ ഏകദേശ നാശനഷ്ടക്കണക്ക് മാത്രമാണിത്. മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടക്കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നതു ശ്രദ്ധയിൽപെട്ടതായി പറഞ്ഞ ജില്ലാ സപ്ലൈ ഓഫീസർ ബെന്നി പി. ജോസഫ് ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും അറിയിച്ചു.
വിവിധ താലൂക്ക് സപ്ലൈ ഓഫീസർമാരും ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെക്ടർമാരും ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ ആരംഭിച്ചു. നാശനഷ്ടവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കും. പ്രളയം രൂക്ഷമായി ബാധിച്ച മേഖലകളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് നൽകിയ കടകളെ ഈ പരിശോധയിൽനിന്ന് ഒഴിവാക്കും.
വെള്ളപ്പൊക്കത്തിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലയിൽ 484 അപേക്ഷകളാണു ലഭിച്ചത്. നഷ്ടപ്പെട്ട കാർഡുകൾക്കു പകരം പുതിയ കാർഡുകൾ വിതരണത്തിനു തയാറായതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ 1342 റേഷൻ കടകളും പ്രവർത്തനസജ്ജമാണ്.
പ്രളയം രൂക്ഷമായി ബാധിച്ച ആലുവ, പറവൂർ താലൂക്കുകളിലാണ് ഏറ്റവുമധികം റേഷൻ സ്ഥാപനങ്ങൾക്കു നാശനഷ്ടം നേരിട്ടത്. മഴക്കെടുതിയിൽ വിവിധ റേഷൻ കടകളിലായി സൂക്ഷിച്ചിരുന്ന 540 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങൾ നഷ്ടപ്പെട്ടപ്പോൾ വകുപ്പിന് കീഴിലുള്ള പറവൂർ താലൂക്കിലെ ഗോഡൗണിൽ മാത്രം പ്രാഥമിക നഷ്ടമായി കണക്കാക്കുന്നത് 630 മെട്രിക് ടണ്‍ ധാന്യമാണ്.
ഇ പോസ് മെഷീൻ അടക്കമുള്ളവയുടെ നാശനഷ്ടകണക്കുകൾകൂടി കണക്കാക്കുന്പോൾ നഷ്ടം വർധിക്കും. പ്രളയം രൂക്ഷമായി ബാധിച്ച മേഖലകളിൽ സഞ്ചരിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ഒരുക്കിയാണ് റേഷൻ വിതരണം പുനഃസ്ഥാപിച്ചത്. ആലുവ, പറവൂർ താലൂക്കുകളിൽ 19 റേഷൻ കടകൾക്കാണു വെള്ളപ്പൊക്കത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചത്.