തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ പെട്ടവർക്കുള്ള 10,000 രൂപയുടെ ഒറ്റത്തവണ ധനസഹായത്തിനു കൂടുതൽ പേരെ ഇനി പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു സർക്കാർ ഉത്തരവ്. വ്യാഴാഴ്ച ഉച്ചവരെ ലഭിച്ച അപേക്ഷകളിലെ 4.93 ലക്ഷം പേർക്കു മാത്രമാകും 10,000 രൂപ ആശ്വാസ ധനസഹായത്തിന് അർഹതയുള്ളത്.
എന്നാൽ, അർഹതയുണ്ടായിട്ടും ലഭിക്കുന്നില്ലെന്നു പരാതിയുള്ളവർ തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം. ഇത്തരം അപേക്ഷകൾ വില്ലേജ് ഓഫീസർമാർ പരിശോധിച്ചു നടപടിയെടുത്താൽ മതിയെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ഉത്തരവിൽ പറയുന്നു.
വിവിധ ജില്ലകളിലായി 2,47,566 പേർക്ക് ആശ്വാസധനം നൽകിയതായും റവന്യു അധികൃതർ അറിയിച്ചു. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 6200 രൂപയും ദുരന്തപ്രതികരണ നിധിയിൽനിന്ന് 3800 രൂപയും ചേർത്താണ് 10,000 രൂപ നല്കുന്നത്. ഇതിനു പുറമേ ദുരന്തപ്രതികരണ നിധിയിൽനിന്നും 3800 രൂപ വീതം 87514 കുടുംബങ്ങൾക്കു നല്കി.