തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29-ന് മുന്പ് പൂർത്തിയാക്കാൻ മന്ത്രിസഭാ ഉപസമിതി യോഗം നിർദ്ദേശിച്ചു.
അടിയന്തര ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പൂർത്തിയായിട്ടുണ്ട്. 5.52 ലക്ഷം പേർക്ക് ഇതിനകം സഹായം നൽകിക്കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിലാണ് സഹായം നൽകാൻ ഏറെയും ബാക്കിയുള്ളത്.
439 പേരാണ് കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മരണപ്പെട്ടത്. ഇതിൽ 331 പേർക്ക് മരണാനന്തര ആനുകൂല്യം നൽകിക്കഴിഞ്ഞു. എഫ്ഐആർ, നിയമാനുസൃത ആശ്രിതർ ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാക്കുന്നതിലെ കാലതാമസം കാരണം നൂറോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്.
കുടുംബശ്രീ മുഖേന വീട്ടമ്മമാർക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നൽകുന്നതിന്റെ ഭാഗമായി 1,00,770 അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തിയായി. ഇതുൾപ്പെടെ രണ്ട് ലക്ഷം അപേക്ഷകളിൽ ഒരാഴ്ചക്കകം നടപടി പൂർത്തിയാക്കും. ഒരോ വീട്ടിലെയും അടിയന്തര ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരമാവധി കടബാധ്യത കുറച്ചുകൊണ്ടാണ് ഒരു ലക്ഷം വരെയുള്ള വായ്പ നൽകുക.