ആലുവ: പ്രളയത്തിലും പേമാരിയിലും വൻ നാശനഷ്ടം വിധിച്ച കേരളത്തിന്റെ ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് ഈദ് ദിനത്തിൽ അതിഥി തൊഴിലാളികളുടെ കൈത്താങ്ങ്. ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ ബലിപെരുന്നാൾ നമസ്കാരത്തിന് എത്തിയ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബലിപെരുന്നാൾ ദിനത്തിൽ പ്രാർഥന ഒഴിച്ചുള്ള ആഘോഷങ്ങളെല്ലാം പൂർണമായും ഒഴിവാക്കി കൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ആലുവ സെൻട്രൽ ജുമാ മസ്ജിദിലും പരിപാലന സമിതിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം സംഘടിപ്പിച്ചത് .
മസ്ജിദിൽ ഈദ് ദിനങ്ങളിൽ നടത്താറുള്ള മധുരപലഹാര വിതരണവും മറ്റു ആഘോഷങ്ങളും ഇത്തവണ തീർത്തും ഒഴിവാക്കി. അറബി, മലയാളം ഭാഷകൾക്കു പുറമേ ഹിന്ദി, ഉർദ്ദുവിലും ഈദ് ദിനത്തിൽ പ്രഭാഷണം നടക്കുന്നതിനാൽ ജില്ലയിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന പശ്ചിമബംഗാൾ, ആസാം, ബീഹാർ, ഒറീസ, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന, തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അതിഥി തൊഴിലാളികൾ സെൻട്രൽ ജുമാ മസ്ജിദിൽ എത്തിച്ചേരുന്നത് പതിവാണ്.