ചാലക്കുടി: 2018ലെ മഹാപ്രളയത്തിൽ വീട് തകർന്ന് വി.ആർ. ക്യാന്പിൽ കഴിഞ്ഞിരുന്ന ആറംഗ കുടുംബത്തിന് സുമനസുകളുടെ കാരുണ്യത്തിൽ സ്ഥലവും വീടും സ്വന്തമായി നൽകി. നഗരസഭയിലെ പുത്തുപറന്പ് പ്രദേശത്ത് താമസിക്കുന്ന വില്യമംഗലത്ത് സുരേഷും കുടുംബവും ഇപ്പോഴും വി.ആർ.പുരം ദുരിതാശ്വാസ ക്യാന്പിലാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ വീട് വെക്കുന്നതിന് സർക്കാർ സഹായം ലഭിച്ചില്ല.
വൃദ്ധയായ അമ്മയും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന സുരേഷിന്റെ കുടുംബത്തിന് സ്ഥലവും വീടും ലഭ്യമാക്കുന്നതിനുള്ള അന്വേഷണത്തിലാണ് വി.ആർ.പുരം സ്വദേശികളും സാമൂഹ്യ-ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന താഴത്ത് വീട്ടിൽ ജോയ്കുട്ടി, മേരി മാർഗരറ്റ് ദന്പതികൾ ഇവർക്ക് സൗജന്യമായി ഭൂമി നൽകാൻ സന്നദ്ധത അറിയിച്ചത്. ഈ സ്ഥലത്ത് നിർമാണം പൂർത്തിയാക്കിയ വീടിന്റെ തറയുടെ വില കൗണ്‍സിലർ ബിജു എസ്.ചിറയത്തും നൽകാൻ സന്നദ്ധനായി.
അന്തരിച്ച മുനിസിപ്പൽ കൗണ്‍സിലർ പൗലോസ് താക്കോൽക്കാരന്റെ മകൻ ജെയ്സൻ, താക്കോൽക്കാരൻ ഫൗണ്ടേഷൻ ചെയർമാൻ സി.ടി.സാബുവും ഭാരവാഹികളും വീട് നിർമിച്ച് നൽകാനും തയാറായി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിജയരാഘവപുരത്ത് 32-ാം വാർഡിൽ നിർമാണം പൂർത്തിയാക്കി. ഇതോടെ പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് ലഭിച്ചു.