തൃശൂർ: പ്രളയത്തിൽ തൃശൂർ ജില്ലയിൽ തകർന്ന 4,115 വീടുകൾ പുനർനിർമിക്കാൻ 324 കോടി രൂപ കണ്ടെത്തണമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ. പതിനായിരം രൂപയുടെ ധനസഹായം 1.26 ലക്ഷം പേർക്കു വിതരണം ചെയ്തു. 15,008 അപേക്ഷകൾ തിരസ്കരിച്ചു. വീട്ടിനകത്തു വെള്ളം കയറാത്തവരുടെ അപേക്ഷകളാണു തിരസ്കരിച്ചത്.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഏഴായിരുന്നു. തുടർന്നും രണ്ടായിരത്തോളം അപേക്ഷകൾ എത്തി. പതിനായിരം രൂപയുടെ സഹായം അനുവദിച്ചിട്ടും ബാങ്ക് അക്കൗണ്ട് നന്പരുകളിലെ അവ്യക്തതമൂലം 1,500 പേർക്കുള്ള പണം കൈമാറാനായിട്ടില്ല.
പ്രളയത്തിൽ കന്നുകാലികളെ നഷ്ടപ്പെട്ടവർക്കു പകരം കന്നുകാലികളെ ലഭ്യമാക്കുന്നതിനുള്ള പദ്ധതി വൈകില്ല. സംസ്ഥാനത്തു കന്നുകാലികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. അയൽസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരണം. കുളന്പുരോഗംമൂലം തിടുക്കത്തിൽ കൊണ്ടുവരാനാകില്ല.
ജില്ലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു വീടു നിർമിക്കാൻ നാലര ഹെക്ടർ സ്ഥലം വേണം. പലരും ദാനമായി നല്കിയതും സർക്കാർ നീക്കിവച്ചതുമായ 3.8 ഹെക്ടർ സ്ഥലം ജില്ലാ ഭരണകൂടത്തിനു ലഭിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ സ്ഥലം നഷ്ടപ്പെട്ടവർക്കാണ് മുൻഗണനാടിസ്ഥാനത്തിൽ സ്ഥലം നൽകുക. 96 കുടുംബങ്ങൾക്കു സ്ഥലം നൽകാൻ ധാരണയായിട്ടുണ്ട്.
പുറന്പോക്കിൽ താമസിച്ചിരുന്ന 282 കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ഇവരിൽ അറുപതു കുടുംബങ്ങൾക്കു പുനരധിവാസ പദ്ധതി തയാറായതായും കളക്ടർ പറഞ്ഞു.