മൂർക്കനാട്: പ്രളയത്തിൽ വീട് തകർന്നതോടൊപ്പം മൂർക്കനാട് സ്വദേശി വേലായുധന്റെ നെഞ്ചിടിപ്പും കൂടി. രോഗങ്ങൾ വേട്ടയാടിയ കുടുംബത്തിനു താങ്ങാവുന്നതിനപ്പുറമായിരുന്നു പ്രളയ ദുരന്തം. ഒരുപാട് നാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പണിതുയർത്തിയ വീട് നിലംപൊത്തി. വീട്ടുപകരണങ്ങളും ഇതിൽ നഷ്ടമായി. മൂർക്കനാട് സെന്റ് ആന്റണീസ് സ്കൂളിലെ ക്യാന്പിലായിരുന്നു ഇവർ പത്തുദിവസം കഴിഞ്ഞത്. ആധാരം ബാങ്കിൽ പണയത്തിലായിരുന്നതിനാൽ അതു നഷ്ടപ്പെട്ടില്ല.
ക്യാന്പിൽനിന്ന് വന്നശേഷം തകർന്ന വീടിന്റെ പുറകിൽ ഷെഡ് കെട്ടി പാർക്കുകയാണിവർ. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു വേലായുധൻ. പ്രായാധിക്യത്താൽ ഇപ്പോൾ തെങ്ങുകയറ്റത്തിനു പോകുന്നില്ല. ഭാര്യ സുമതി ഹൃദ്രോഗിയാണ്. പെയിന്റിംഗ് തൊഴിലാളിയായ മകൻ സുനിൽകുമാർ കരൾ രോഗി. ഇതേതുടർന്ന് ജോലിക്ക് പോകാറില്ല. മൂന്നാഴ്ചയിലേറെയായി ചികിത്സയിലാണ്.
സുനിൽകുമാറിന്റെ ഭാര്യ സുബിയും കൊച്ചുമക്കളായ സായൂജും സൈനയും ഇവരോടൊപ്പമുണ്ട്. വേലായുധനും സുമതിക്കും കിട്ടുന്ന ക്ഷേമപെൻഷനാണ് ഈ കുടുംബത്തിന്റെ വരുമാനമാർഗം. മൂർക്കനാട് ജംഗ്ഷനടുത്താണ് ഇവരുടെ വീട്. പാറപ്പുറത്ത് വീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ ആനന്ദവല്ലിയുടെ വീടും തകർന്നിരിക്കുകയാണ്.
മകനും വിവാഹപ്രായമെത്തിയ മകളുമാണ് വീട്ടിൽ താമസിക്കുന്നത.് ഭർത്താവിന്റെ സഹോദരന്മാർക്കുകൂടി അവകാശമുള്ള വീട് പൂർണമായും തകർന്ന നിലയിലാണ്. വിവിധ ക്യാന്പുകളിൽ താമസിച്ചിരുന്ന ഇവർ ഇപ്പോൾ സഹോദരിയുടെ വീട്ടിലാണ് കുട്ടികളുടെ പഠനസൗകര്യത്തിനുവേണ്ടി താമസിക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭാ ഒന്നാം വാർഡിൽ കെഡിഎസിന്റെ കീഴിലുള്ള 34-ാം നന്പർ പ്രിയദർശിനി അങ്കണവാടിയിൽ വർക്കറായി ജോലിചെയ്തു കിട്ടുന്ന ഹോണറേറിയം മാത്രമാണ് ഇവരുടെ ഇപ്പോഴത്തെ ജീവിതമാർഗം.