റാന്നി: പ്രളയക്കെടുതിയിലായ വ്യാപാരികൾക്ക് നഷ്ടപരിഹാരമില്ല. വായ്പയ്ക്കായുള്ള നടപടികളും പ്രതിസന്ധിയിൽ.പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരികൾക്ക് രണ്ടാമത് വ്യാപാരം ആരംഭിക്കുന്നതിലേക്ക് സർക്കാർ ഗാരണ്ടിയോടെ പത്തുലക്ഷം രൂപ വരെ വായ്പ നൽകുമെന്നായിരുന്നു പ്രഖ്യാപനം.
ഇക്കാര്യം സംസ്ഥാനതല ബാങ്കുസമിതിയിൽ സർക്കാർ തന്നെ നിർദേശിച്ചതാണ്. എന്നാൽ വായ്പകൾ നൽകുന്നതിൽ ഒരു ബാങ്കു നടപടിയെടുക്കുന്നില്ല. ബാങ്കുകളെ സമീപിച്ച വ്യാപാരികളോട് സർക്കാർ ഗാരണ്ടിയിൽ വായ്പ നൽകാനാകില്ലെന്ന നിലപാടാണ് ബാങ്ക് അധികൃതർ സ്വീകരിച്ചത്.റാന്നിയിലാകട്ടെ ബാങ്കുകളും പ്രളയക്കെടുതിയിലായതിനാൽ നടപടികൾ പൂർണമായി ആരംഭിച്ചിട്ടില്ല.
നേരത്തെ അനുവദിച്ചിട്ടുള്ള വായ്പകൾ പോലും നൽകാനാകാത്ത സ്ഥിതിയുണ്ട്. റാന്നിക്കു പുറത്തേക്ക് ബന്ധപ്പെട്ടവരോടും പ്രതികരണം മോശമായിരുന്നു. ഓണക്കാല വ്യാപാരം ലക്ഷ്യമിട്ട് ഇറക്കിവച്ച സ്റ്റോക്കുൾപ്പെടെ കോടി കണക്കിനു രൂപയുടെ നഷ്ടമാണ് റാന്നിയിലെ വ്യാപാരികൾക്കുണ്ടായത്. ഓഗസ്റ്റഅ 14നു രാത്രിയിൽ കുതിച്ചെത്തിയ പ്രളയജലം അവരുടെ സകല പ്രതീക്ഷകളും തകർത്തു.
100 കോടി രൂപയുടെ നഷ്ടം വ്യാപാരികൾക്കുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ വ്യാപാരസ്ഥാപനങ്ങളുടെ പുനർ സജ്ജീകരണം ഉൾപ്പെടെ 600 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് വ്യാപാര സംഘടനകളുടെ പക്ഷം. 10 ശതമാനം വ്യാപാരികൾ പോലും ഇൻഷ്വറൻസ് പരിധിയിൽ ഇല്ല.
നിലവിൽ വായ്പ എടുത്തിരുന്ന വ്യാപാരികളിൽ ചിലർക്കു മാത്രമേ ഇൻഷ്വറൻസ് ഉള്ളൂ. അതുകൊണ്ടു തന്നെ വ്യാപാരികൾ നേരിടുന്ന നഷ്ടം പരിഹരിക്കാൻ സർക്കാരിന്റെയോ ബാങ്കുകളുടെയോ ഇടപെടൽ സർക്കാർ ഉണ്ടാകണമെന്നാണ് വ്യാപാരി സംഘടനകളുടെ ആവശ്യം. നിലവിലുള്ള വായ്പകൾ പുതുക്കിയെടുക്കാനും ആകാത്ത സ്ഥിതിയിലാണ് വ്യാപാരികൾ.
ജാമ്യവസ്തുക്കൾ പോലും പലയിടത്തും പ്രളയമെടുത്തു. വസ്തു രേഖകൾ അടക്കം പ്രളയത്തിൽ നഷ്ടമായവരുമുണ്ട്.
സർക്കാർ ഗാരണ്ടിയിൽ വായ്പ നൽകുന്നതു സംബന്ധിച്ച് ബാങ്കുകൾക്ക് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പറയുന്നു. പത്തനംതിട്ട ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് റാന്നിയിലെ വ്യാപാരികൾക്കാണ്.
ചെത്തോങ്കര മുതൽ പെരുന്പുഴ വരെ മുഴുവൻ കടകളിലും വെള്ളം കയറി. ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ പൂർണമായി മുങ്ങി. ഇതോടെ വ്യാപാരികൾക്ക് യാതൊന്നും ശേഷിച്ചില്ല. തന്നെയുമല്ല കടകളിലെ ഫർണിച്ചറുകൾ, പ്ലൈവുഡ് മറകൾ, ബോർഡുകൾ എല്ലാം നഷ്ടപ്പെട്ടു.
വ്യാപാരസ്ഥാപനങ്ങൾ സാധാരണനിലയിൽ ഇതേവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. വ്യാപാര മേഖലയുടെ നഷ്ടം ഇപ്പോഴും സർക്കാർ കണക്കിൽ കയറിയിട്ടില്ല. ദുരിതാശ്വാസ പിരിവിനു പോലും വ്യാപാരികളെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന സമീപനം ഉണ്ടായതായും ആക്ഷേപമുണ്ട്.