ചാലക്കുടി: പ്രളയബാധിതരായ ചാലക്കുടിയിലെ വ്യാപാരികൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ വ്യാപാരിസമൂഹം നിരാശരാണെന്നും വ്യാപാരികളുടെ അതിജീവനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വ്യാരികൾക്ക് പ്രത്യേക ദുരിതാശ്വാസപാക്കേജ്, പലിശരഹിത വായ്പ തുടങ്ങി സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 23ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയതിനെ തുടർന്ന് അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തിരുന്നതാണ്.
ഇതിനെ തുടർന്ന് രണ്ട് മന്ത്രിമാർ പ്രളയബാധിതരായ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് ദുരന്തവ്യാപ്തി നേരിട്ട് മനസിലാക്കുകയും വ്യാപാരികൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
മുനിസിപ്പൽ കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി തരണമെന്ന അസോസിയേഷന്റെ ആവശ്യം അംഗീകരിച്ച് കൗണ്‍സിൽ തീരുമാനിച്ചുവെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് മന്ത്രി എ.സി.മൊയ്തീന് നിവേദനം നല്‍കിയിരുന്നു.
അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.പ്രളയബാധിതരായ വ്യാപാരികളെ സഹായിക്കുന്നതിന് ഇരിങ്ങാലക്കുട രൂപത, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി, കണ്ണന്പുഴ ഭഗവതി ക്ഷേത്രം, സെന്റ് ജെയിംസ് ആശുപത്രി തുടങ്ങി സംഘടനക്ക് സഹായം നല്‍കിയതായി അസോസിയേഷൻ ഓർമ്മിച്ചു.
സഹകരണ ബാങ്കുകളിൽനിന്നും വായ്പ സഹായവും നൽകി. 52 ലക്ഷം രൂപയുടെ ധനസഹായം അസോസിയേഷൻ വിതരണം ചെയ്തതായി പ്രസിഡന്റ് ജോയ് മൂത്തേടൻ അറിയിച്ചു.