മങ്കൊമ്പ് : മലവെള്ളത്തിനൊപ്പം കുട്ടനാട്ടിൽ ഒഴുകിയെത്തുന്നത് വൃക്ഷങ്ങളും വിറകുകളും മാത്രമല്ല, ഗൃഹോപകരണങ്ങളും. പതിവിനു വിപരീതമായി വള്ളങ്ങളിലും മറ്റുമായി വിറകും വൃക്ഷങ്ങളും മറ്റും ശേഖരിക്കുന്നവരുടെ എണ്ണം ഇത്തവണ കൂടുതലായിരുന്നു.
സാധാരണയായി വിറകു മാത്രമാണ് പ്രളയജലത്തിനൊപ്പം ഒഴുകിയെത്തിയിരുന്നെങ്കിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടർ, കട്ടിൽ, ജനാലകൾ, മേശ, കസേര, കതകുകൾ, തടി ഉരുപ്പടികൾ തുടങ്ങി വിലപിടിപ്പുള്ള നിരവധി വസ്തുക്കളാണ് ഒഴുകിയെത്തിയത്.
ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ കിഴക്കൻ മേഖലയിലെ ജനങ്ങൾക്കുണ്ടായ ഭീമമായ നഷ്ടക്കണക്കുകളുടെ നേർക്കാഴ്ചയായിരുന്നു ഇന്നലെ കുട്ടനാട്ടിൽ കണ്ടത്. ഒരു ആയുസു കൊണ്ടു നേടിയെടുത്തവയെല്ലാം കേവലം ഒരു രാത്രി കൊണ്ടു മറ്റാരുടേതൊക്കെയോ ആയി മാറി.
വീടുകളിൽനിന്നു മാത്രമല്ല വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള സാധനങ്ങളും മലവെള്ളം കുട്ടനാട്ടിലെത്തിച്ചു. അടുക്കി വച്ചിരിക്കുന്ന നിലയിൽ ബക്കറ്റുകൾ, കന്നാസുകൾ, ബാഗുകൾ തുടങ്ങിയവയെല്ലാം കുട്ടനാട്ടിലെ പലർക്കും ലഭിച്ചു.വീപ്പകളും ഹെൽമെറ്റുകളും പഴയതും പുതിയതുമായ ടെലിവിഷനുകളുമെല്ലാം ഒഴുക്കിനൊപ്പം ജലപ്പരപ്പിലൂടെ പാഞ്ഞു.
മുൻ കാലങ്ങളിൽ ചെറിയ മരക്കൊമ്പുകളും വിറകു കഷണങ്ങളും കിഴക്കൻ വെള്ളത്തിനൊപ്പം ഒഴുകിയെത്താറുണ്ടായിരുന്നു.എന്നാൽ ഇത്തവണ വലിയ മരങ്ങളും മുളങ്കൂട്ടങ്ങളുമെല്ലാം കുട്ടനാട്ടിൽ ഒഴുകിയെത്തി. പുളിങ്കുന്ന്, കാവാലം ആറുകളിലൂടെയാണ് അധികം സാധനങ്ങളും ഒഴുകിയെത്തിയത്.
അതിരാവിലെ യായിരുന്നു വിലപിടിപ്പുള്ളവ ഏറെയുമെത്തിയത്. എന്നാൽ നേരം പുലർന്നതോടെ ഇവയുടെ വരവു കുറഞ്ഞു. ശേഖരിക്കുന്നവരുടെ എണ്ണം വർധിച്ചതാണ് ഇതിനു കാരണം. മുണ്ടക്കയത്തെ കെഎസ്ഇബിയുടെ സ്റ്റിക്കർ പതിച്ച വൈദ്യുതി അനുബന്ധ ഉപകരണങ്ങളും ഒഴുകിയെത്തിയവയിൽപ്പെടുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് ആറുകളിൽ വലിയ ഭീകരതയാണ് അനുഭവപ്പെട്ടത്. മുൻകാലങ്ങളിലൊന്നും കാണാത്തവിധം കലങ്ങിമറിഞ്ഞ വെള്ളമാണ് ആറുകളിലൂടെ ഒഴുകുന്നത്.ഇതൊക്കെയാണെങ്കിലും നാട്ടുകാർ ഭയന്നിരുന്ന അളവിൽ ജലനിരപ്പുയരാതിരുന്നത് ആശ്വാസമായി.