കോഴഞ്ചേരി: മഹാപ്രളയത്തിന്റെ ബാക്കിപത്രമായി കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കാൻ കാലതാമസം. പ്രളയബാധിത മേഖലകളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങളാണ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ തള്ളിയത്. പ്രളയത്തിനുശേഷം ശേഖരിച്ച മാലിന്യങ്ങൾ ദിവസങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.
സൂപ്പർ ഡന്പിംഗ് യാർഡെന്ന പേരിലാണ് പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് മാലിന്യങ്ങൾ തള്ളിയത്. ഇവ ഇവിടെനിന്നും തരംതിരിച്ചു നീക്കാനായിരുന്നു തീരുമാനം. എന്നാൽ തരംതിരിക്കൽ പ്രക്രിയ വൈകുകയാണ്.കോഴഞ്ചേരി കൂടാതെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തോടു ചേർന്ന ഭാഗത്താണ് മാലിന്യങ്ങൾ ശേഖരിച്ചത്.
തിരുവല്ലയിൽ തരംതിരിക്കൽ പ്രക്രിയ നടക്കുന്പോഴും കോഴഞ്ചേരിയിൽ ആരംഭിച്ചിരുന്നില്ല. ജൈവ, അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ മുതൽ പുനഃചംക്രമണ സാധ്യതയുള്ളവ വേർതിരിക്കുന്നതും ഡന്പിംഗ് യാർഡുകളിൽ നടത്തണം.
ശുചിത്വ മിഷൻ, ക്ലീൻ കേരള കന്പനി എന്നിവയുടെ ചുമതലയിൽ ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ഏറ്റെടുക്കേണ്ടത് ക്രിസ് ഗ്ലോബൽ ഏജൻസിയാണ്. 1800 ടണ് മാലിന്യമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ചത്. ഇവ തരംതിരിച്ചു മാറ്റുന്ന ജോലികൾ മന്ദഗതിയിലാണ് നടന്നത്.
പുനഃചംക്രമണ സാധ്യതയുള്ളവ ഏറ്റെടുക്കാൻ ചില ഏജൻസികൾ തയാറായതും അല്ലാത്തവ സർക്കാർ നിർദേശപ്രകാരമുള്ള ഏജൻസിക്കു മാത്രം മറവു ചെയ്യാൻ നൽകണമെന്നുള്ളതുമാണ് നീക്കം വൈകിപ്പിച്ചതെന്ന് പറയുന്നു. സ്ഥലം നികത്താൻ പോലും സർക്കാർ അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാലിന്യം നീക്കാൻ വൈകുന്നത് പരിസര മലിനീകരണമുണ്ടാക്കുമെന്ന ആശങ്കയാണ് കോഴഞ്ചേരിയിലുള്ളത്. വീണ്ടും മഴ ശക്തമായതോടെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ പരിസരപ്രശ്നങ്ങളുണ്ടാക്കും.