ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: ഡാമുകൾ തുറന്നുവിട്ടതല്ല കേരളത്തിലെ പ്രളയകാരണമെന്നു മദ്രാസ് ഐഐടി പഠന റിപ്പോർട്ടും. വിദേശ ഏജൻസിയുടെ സഹകരണത്തോടെ ഐഐടി നടത്തിയ പഠനത്തിന്റെ കരട് റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. കേരള ചരിത്രത്തിലെ ഏറ്റവും കൂടിയ മഴയാണു കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായതെന്നു റിപ്പോർട്ട് പറയുന്നു.
അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾചറൽ ആൻഡ് ബയോളജിക്കൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം, ഇൻഡോ ജർമൻ സെന്റർ ഫോർ സസ്റ്റെയ്നബിലിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് എന്നിവ സംയുക്തമായി നടത്തിയ ഹൈഡ്രോളിക് അധിഷ്ഠിത പഠനമാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിലൂടെ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനാകുമായിരുന്നില്ലെന്നു കണ്ടെത്തിയത്.
കേന്ദ്ര ജലകമ്മീഷൻ അടക്കമുള്ള ഏജൻസികൾ ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചു ഡാമുകളുടെയും മറ്റും ചെറു മോഡലുകളുണ്ടാക്കിയായിരുന്നു പഠനം. വൈദ്യുതി ബോർഡിന്റെ ചരിത്രത്തിൽ ഇത്തരമൊരു പഠനം മുന്പു നടത്തിയിട്ടില്ല.
അണക്കെട്ടിലെ ജലനിരപ്പ് 85 ശതമാനം, 75 ശതമാനം, 50 ശതമാനം, 25 ശതമാനം എന്നിങ്ങനെ വ്യത്യസ്തമായ അളവുകളിലായിരിക്കുന്പോഴാണു പ്രളയമുണ്ടായതെങ്കിൽ എങ്ങനെയാകും കേരളത്തെ ബാധിക്കുകയെന്നു ഹൈഡ്രോളിക് മോഡലുകളിലൂടെ വിലയിരുത്താനായെന്നു റിപ്പോർട്ടിൽ പറയുന്നു.