പന്തളം: പന്തളത്തും പരിസരങ്ങളിലും പ്രളയസാധ്യത സംബന്ധിച്ച് ഓഗസ്റ്റ് 16ന് ഉച്ചയോടെ സൂചന ലഭിച്ചിരുന്നെങ്കിലും നഗരസഭാ, റവന്യു അധികൃതർ വേണ്ട മുന്നറിയിപ്പുകൾ നല്‍കിയില്ലെന്ന് ആക്ഷേപമുയർന്നു. വെള്ളപ്പൊക്കം സംബന്ധിച്ച് പൊതുജനങ്ങൾക്കിടെ വ്യാപക ചർച്ചയും അന്ന് നടന്നിരുന്നു. കേട്ടറിവ് മാത്രമായതിനാൽ ആരും അത്ര ഗൗരവത്തിലെടുത്തില്ല. അതേസമയം, അധികൃതർ മുൻകൈയെടുത്ത് മൈക്ക് അനൗണ്‍സ്മെന്റിലൂടെ മുന്നറിയിപ്പ് നല്കിയിരുന്നെങ്കിൽ ജനങ്ങൾ ജാഗ്രത പാലിക്കുമായിരുന്നു എന്നാണ് വിമർശനം.
സൂചനകൾ കേട്ടറിഞ്ഞ കവലയിലെ ചില വ്യാപാരികളെങ്കിലും മുന്നൊരുക്കം നടത്തിയിരുന്നതിനാൽ നഷ്ടം കുറയ്ക്കാനായവരുണ്ട്. കടയ്ക്കാടുള്ള ചില വ്യാപാരികൾക്ക് അന്ന് വൈകുന്നേരത്തോടെ സൂചന ലഭിച്ചിരുന്നു. ഒരു കൗണ്‍സിലറിൽ നിന്നാണ് വിവരമറിഞ്ഞത്. നഗരസഭാ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നെന്നാണ് സൂചന. എന്നാൽ, വലിയ ഗൗരവം നല്‍കിയില്ല.
രാത്രി ഏഴോടെ, അടൂർ ഫയർഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റെജി, ലീഡിംഗ് ഫയർമാൻ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പന്തളം കവലയിലെത്തിയിരുന്നു. നഗരസഭാ കൗണ്‍സിലർമാർക്കും നാട്ടുകാർക്കും മുന്നറിയിപ്പും നല്‍കിയിരുന്നു.പ്രദേശവാസികളുടെ സഹായത്തോടെ കടയ്ക്കാട്, തോന്നല്ലൂർ ഭാഗങ്ങളിലെ നിരവധി വീടുകളിലെത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പും നല്കി.
എന്നാൽ, ആരും ഇത് ഗൗരവത്തിലെടുത്തില്ല. പിന്നീട്, രാത്രി ഒന്‍പതോടെ അടൂരിൽ നിന്ന് ഫയർഫോഴ്സ് എൻജിനടക്കം പന്തളത്തെത്തിച്ചു. വീടുകളിൽ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടും ആരും മാറാൻ തയാറായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിട്ടും മൈക്ക് അനൗണ്‍സ്മെന്റ് അടക്കമുള്ള സംവിധാനങ്ങൾ ആരും ഉപയോഗിച്ചില്ല.
അടുത്ത ദിവസം പുലർച്ചെയോടെയാണ്, കാര്യങ്ങൾ കൈവിട്ടുവെന്ന് പ്രദേശവാസികൾക്ക് ബോധ്യമായത്. മുന്നറിയിപ്പുകൾ അവഗണിച്ചവരടക്കം നൂറുകണക്കിനാളുകൾ ഫയർ ഫോഴ്സിനെയും പോലീസിനെയും രക്ഷയ്ക്കായി വിളിച്ചു തുടങ്ങി. ആ സമയങ്ങളിൽ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് രക്ഷാപ്രവർത്തനം നടത്താനാവാത്ത വിധത്തിൽ വെള്ളമേറിയിരുന്നു.
ഫയർഫോഴ്സിന്റെയും മത്സ്യതൊഴിലാളികളുടെയും ബോട്ടുകളെത്തിച്ച ശേഷമാണ് രക്ഷാദൗത്യം തുടങ്ങിയത്. ഇതിന് ശേഷമാണ് റവന്യൂ വകുപ്പ് സജീവമായതും. നഗരസഭാ ചെയർപേഴ്സണ്‍ റ്റി.കെ.സതി, വൈസ് ചെയർമാൻ ഡി.രവീന്ദ്രൻ അടക്കമുള്ളവരുടെ വീടുകളിൽ വെള്ളം കയറിയിരുന്നു.
ചേരിക്കൽ പ്രദേശം ഒറ്റപ്പെട്ടതിനാൽ ചെയർപേഴ്സണ്‍ വെള്ളം ശമിച്ച ശേഷമാണ് മറ്റ് വിവിധ സ്ഥലങ്ങളിലെ സ്ഥിതി കണ്ട റിയുന്നത്. ഭരണസമിതിയുടെ നേതൃത്വത്തിൽ ഏകോപനം ഇതുകാരണം സാധ്യമായിരുന്നില്ല. നഗരസഭാ സെക്രട്ടറി മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കവലയിലെ വ്യാപാരിൾക്ക് പോലും ശക്തമായ മുന്നറിയിപ്പ് നല്കാനാകാതിരുന്നത് മൂലം കോടികളുടെ രൂപയുടെ നഷ്ടമാണ് അവർക്കുണ്ടായത്.