പത്തനംതിട്ട: കോവിഡ് കാലത്തിനുശേഷം സ്കൂളുകള്‍ നവംബര്‍ ഒന്നിനു തുറക്കാനിരിക്കെ അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതികള്‍ മുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇതുമൂലം വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കേണ്ടതാണ്. എന്നാല്‍ പ്രളയത്തേ തുടര്‍ന്ന് ജില്ലയിലെ സ്കൂളുകളിലേറെയും ദുരിതാശ്വാസ ക്യാമ്പുകളാണ്. ക്യാമ്പുകള്‍ ഒന്നും 24 വരെ നിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.
മഴക്കെടുതി മൂലം നിരവധി സ്കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ നടത്തിവന്നിരുന്ന സ്കൂളുകളില്‍ നിന്ന് അവ ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു.
അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവര്‍ വാക്സിനേഷന് പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 26നു മുമ്പ് പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം.
സ്കൂള്‍ തലത്തില്‍ ഹെല്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും കുട്ടികളുടെ ആരോഗ്യനില പരിശോധിക്കണമെന്നും നിശ്ചയിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ നല്‍കുന്നതിനായി സര്‍ക്കാരില്‍ നിന്നും ധനസഹായം അനുവദിച്ചിട്ടുണ്ട്.
കൂടാതെ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്നും 10,000 രൂപയില്‍ അധികരിക്കാത്ത തുക നല്‍കാനും തീരുമാനമുണ്ട്.
സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ
സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് അപകടമായി നില്ക്കുന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റാനും സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും നടപടി സ്വീകരിക്കണം.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം ലഭ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. കുട്ടികള്‍ കൃത്യമായി മാസ്ക് ധരിക്കണം. സ്കൂള്‍ കോമ്പൗണ്ടിന് വെളിയില്‍ കുട്ടികള്‍ പോകാതിരിക്കാന്‍ കരുതല്‍ ഉണ്ടാകണം.
കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത സ്കൂളുകള്‍ക്ക് എത്രയും വേഗം അത് ലഭ്യമാക്കണം. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ സ്കൂളുകളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തണം.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 27 ന് വിദ്യാഭ്യാസ സമിതികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍ദേശിച്ചു.
അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭ അധ്യക്ഷര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണി സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു നന്ദിയും പറഞ്ഞു.