തൃശൂർ: പ്രളയത്തിലും മണ്ണിടിച്ചിലിലും വീടും വീട്ടുസാധനങ്ങളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത പതിനായിരം രൂപ ഇനിയും കിട്ടിയില്ല. പണം കിട്ടിയില്ലെന്ന് വിവരം പറയാനെത്തുന്നവരോട് വില്ലേജ് ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും ശകാരം കൂടി കേൾക്കേണ്ടി വരേണ്ട ഗതികേടിലാണ് ദുരിതത്തിലായവർ.
പലർക്കും ആദ്യഗഡുമായ 3800 രൂപ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതും ദുരിതാശ്വാസ ക്യാന്പിൽ നിന്ന് ബന്ധുവീടുകളിലും വാടക വീടുകളിലും എത്തി ആഴ്ചകൾക്കു ശേഷമാണ് ആദ്യഗഡു ലഭിച്ചത്. ക്യാന്പിൽ നിന്ന് പോകുന്പോൾ തന്നെ പതിനായിരം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
പക്ഷേ ഉദ്യോഗസ്ഥരുടെ കനിവുതേടി ഇപ്പോൾ ദുരിതത്തിൽ പെട്ടവർക്ക് പണം കിട്ടാൻ കാത്തു നിൽക്കേണ്ട ഗതികേടിലാണ്. ആളുകൾ ബാങ്കുകളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കയറിയിറങ്ങി മടുത്തു.
ചാലക്കുടി മേഖലയിൽ
ചാലക്കുടി മേഖലയിൽ വെള്ളം മുങ്ങി വൻ ദുരന്തമാണ് സംഭവിച്ചത്. എന്നിട്ടും ഈ ഭാഗത്തെ ദുരിതത്തിൽ പെട്ടവർക്ക് പണം നൽകാൻ അധികാരികൾ തയ്യാറായിട്ടില്ല. വീടുകളിൽ വന്ന് സർവേ നടത്തി ആധാർ നന്പർ, റേഷൻകാർഡ്, ബാങ്ക് അക്കൗണ്ട് നന്പർ എന്നിവ ശേഖരിച്ച് പോയിട്ട് ഒരു മാസമായി.
വീടുകളിൽ വെള്ളം കയറിയതുമൂലം സർവവും നശിച്ചവരാണ് ഭൂരിഭാഗം പേരും. വെള്ളം കയറിയതിനെ തുടർന്ന് ചെളിനിറഞ്ഞു കിടക്കുന്ന വീടുകൾ വൃത്തിയാക്കാനും കിണർ വെള്ളം പന്പുചെയ്ത് വറ്റിച്ച് ശുചീകരിക്കാനും പണം ഏറെ ചെലവഴിച്ചിട്ടും ഇപ്പോഴും ഭൂരിഭാഗം വീടുകളും താമസയോഗ്യമായിട്ടില്ല. വീട് വൃത്തിയാക്കാൻ 1000 രൂപയും പെണ് തൊഴിലാളികൾ 750 രൂപയുമാണ് കൂലി വാങ്ങുന്നത്. ഇങ്ങനെ നോക്കുന്പോൾ കിട്ടുന്ന 10,000 രൂപ യാതൊന്നിനും തികയുന്നില്ല.
മലയോര മേഖലയിൽ
മലയോര ഗ്രാമമായ പാണഞ്ചേരി പഞ്ചായത്തിലുള്ളവരിൽ പലർക്കും പതിനായിരം രൂപ ഇതുവരെയും ലഭിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ നിരവധി പേർ വീടുകളിൽ താമസിക്കാൻ സാധിക്കാതെ ബന്ധുവീടുകളിലും വാടക വീടുകളിലുമൊക്കെയാണ് കഴിയുന്നത്. പാണഞ്ചേരി വില്ലേജിൽ പെട്ട വീട് നഷ്ടപ്പെട്ടവർക്കു പോലും പതിനായിരം രൂപ നൽകിയിട്ടില്ല. മണ്ണിടിച്ചിലിൽ വീട് തകർന്നവർക്കും വിള്ളൽ വീണ് താമസയോഗ്യമല്ലെന്ന് വില്ലേജുകാരും ജിയോളജി വകുപ്പും റിപ്പോർട്ട് നൽകിയവർക്കും പണം കിട്ടിയിട്ടില്ല.
വില്ലേജ് ഓഫീസറുടെ നടപടി ക്രമങ്ങളിലെ താമസമാണ് ദുരിതത്തിൽ പെട്ടവരെ വീണ്ടും ദുരിതത്തിലേക്ക് നയിക്കുന്നത്. ഇതൂ കൂടാതെ വെള്ളം കയറി വീട്ടുസാധനങ്ങൾ നഷ്ടപ്പെട്ടവർക്ക് പണം ലഭിക്കില്ലെന്ന് പാണഞ്ചേരി വില്ലേജ് ഓഫീസർ അറിയിച്ചതായി പറയുന്നു. മറ്റു വില്ലേജ് ഓഫീസർമാരും ഇത്തരത്തിൽ നിലപാടുകളെടുക്കുന്നതായാണ് ദുരിതത്തിൽ പെട്ടവരുടെ പരാതി.
സർക്കാർ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകേണ്ട പണമാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ ധാർഷ്്ട്യം കാരണം പലർക്കും സമയത്തിന് കിട്ടാത്തത്. പല ഉദ്യോഗസ്ഥരും സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്തു നൽകുന്നതു പോലെയാണ് പെരുമാറ്റമെന്നും ആരോപണമുണ്ട്. പ്രളയം കഴിഞ്ഞ് ഒരു മാസമാകാറായിട്ടും പണം നൽകാത്തതിനെതിരെ വ്യാപക പരാതിയാണ് ജില്ലയിൽ ഉയരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക് പോകുന്പോൾ തന്നെ 700 കോടി രൂപ ദുരിതാശ്വാസ ഫണ്ടിൽ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. പണം ഫണ്ടിൽ ഇല്ലാത്തതിനാൽ അല്ല പണം നൽകാത്തതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
കളക്ടറേറ്റിനടത്തും
ജില്ല ആസ്ഥാനമായ കളക്ടറേറ്റിന് അടുത്തുള്ള പുല്ലഴിയിലും വീടു നഷ്ടപ്പെട്ടവർക്ക് ഇതുവരെ പതിനായിരം രൂപ ലഭിച്ചിട്ടില്ല. അപേക്ഷകളും പരാതികളുമായി ഉദ്യോഗസ്ഥരെ സമീപിക്കുന്പോൾ ധിക്കാരപരമായ മറുപടി പറഞ്ഞ് ആട്ടിപ്പായിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ എല്ലാവരോടും വളരെ സൗഹാർദപരമായി പെരുമാറിയപ്പോൾ ഉദ്യോഗസ്ഥർ അതെല്ലാം ഇല്ലാതാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ദുരിതത്തിൽ പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്പോൾ നഷ്ടപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുന്പോൾ അതൊന്നും വേണ്ട രീതിയിൽ എഴുതാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു പറയുന്നു. നാടുനീളെ കിറ്റുവിതരണങ്ങൾ നടന്നുവെങ്കിലും അർഹതപ്പെട്ടവർക്ക് ലഭിച്ചില്ലെന്ന പരാതി നിലനിൽക്കുന്നു.