കൊല്ലം :പ്രളയാനന്തര പുരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീടുനിർമാണം പൂർണതയിലേക്ക് . കൊല്ലം ജില്ല. സഹകരണ വകുപ്പ് വഴി സംഘങ്ങളെ കൂട്ടിയിണക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് നേട്ടത്തിന് പിന്നില്‍. 42 വീടുകളുടെ പുനര്‍നിര്‍മാണത്തില്‍ 41 ഉം പൂര്‍ത്തിയാക്കി .ബാക്കിയുള്ള ഒരു വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
പ്രദേശത്തെ രൂക്ഷമായ ജലക്ഷാമമാണ് നിര്‍മാണ പുരോഗതിയില്‍ കാലതാമത്തിനിടയാക്കിയത്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ പദ്ധതിയില്‍ നൂറു ശതമാനം വിജയമാണ് ജില്ലയ്ക്ക് സ്വന്തമാവുക.സഹകരണ ബാങ്കുകള്‍ നേരിട്ടാണ് വീടുകളുടെ നിര്‍മാണം നടത്തിയത്. അഞ്ച് ലക്ഷം രൂപ ചിലവില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളവയാണ് വീടുകള്‍. ഗുണഭോക്താക്കളെയും ചേര്‍ത്താണ് വീടിന്റെ പ്ലാന്‍ തയ്യാറാക്കിയത്.
ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടുത്തുക ഏഴു ലക്ഷം രൂപ വരെ ചെലവ് വന്ന വീടുകളും നിര്‍മിക്കാനായി.ആദ്യഘട്ടത്തില്‍ 12 ഉം പിന്നീട് 27 എന്നിങ്ങനെയാണ് വീടുകള്‍ പൂര്‍ത്തീകരിച്ചത്. മലനട സുനിതാ ഭവനില്‍ അജിത, പത്തിരത്ത് മേലേതില്‍ രാധാകൃഷ്ണന് എന്നിവര്‍ക്കായി നിര്‍മിച്ച വീടുകളാണ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയത്.
അജിതയ്ക്കായി ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കും രാധാകൃഷ്ണന്റേത് മൈനാഗപ്പള്ളി സര്‍വീസ് സഹകരണ ബാങ്കുമാണ് നിര്‍മിച്ചത്. സഹകരണ വകുപ്പ് ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്മാന് കെ രാജഗോപാല്‍ താക്കോല്‍ കൈമാറി.