പെരിഞ്ഞനം: ഗ്രാമപഞ്ചായത്തിൽ പ്രളയപ്പുര ഒരുങ്ങി. താക്കോൽദാനം നാളെ. പ്രളയബാധിതർക്കായി റോട്ടറി ക്ലബ് നിർമിച്ചു നല്കുന്ന വീടുകളുടെ താക്കോൽ കൈമാറ്റം നാളെ രാവിലെ ഒന്പതിനു കുറ്റിക്കടവ് ഫ്ലാറ്റ് പരിസരത്തു മന്ത്രി എ.സി. മൊയ്തീൻ ഓണ്‍ലൈനായി നിർവഹിക്കും.
പെരിഞ്ഞനം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കനോലി കനാലിനോടു ചേർന്ന് 60 സെന്റ് സർക്കാർ ഭൂമിയിൽ ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഫ്ലാറ്റുകളുടെ തറക്കല്ലിടൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 23നു മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.
പത്മശ്രീ ഡോ. ശങ്കർ (ഹാബിറ്റാറ്റ് ടെക്നോളജി) രൂപകല്പന ചെയ്ത രണ്ടു കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ബാത്ത് റൂം എന്നിവ ഉൾപ്പെടെ 540 ചതുരശ്ര അടി വിസ്തൃതിയിലുള്ള 14 വീടുകളടങ്ങിയ ഫ്ലാറ്റ് സമുച്ചയം നിർമാണം പൂർത്തീകരിച്ചു താമസയോഗ്യമാക്കി.
ഇ.ടി. ടൈസണ്‍ എംഎൽഎ അധ്യക്ഷത വഹിക്കും. കളക്ടർ എസ്. ഷാനവാസ് താക്കോൽ ഏറ്റുവാങ്ങും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോ മുഖ്യാതിഥിയാകും.
പത്മശ്രീ ഡോ. ജി. ശങ്കർ (ഹാബിറ്റാറ്റ് ടെക്നോളജി), റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ എ.വി. പതി, ഫാത്തിമ മോഹൻ, മുഹമ്മദ് മതിലകത്തുവീട്ടിൽ എന്നിവരെ ആദരിക്കും.