കോഴിക്കോട്: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തരധനസഹായമായ പതിനായിരം രൂപ ഓണത്തിനു മുമ്പ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. ഇതുവരെ അര്‍ഹരായവര്‍ക്ക് ധനസഹായവിതരണം തുടങ്ങിയില്ല. ഏഴിന് മുമ്പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പലയിടത്തും അന്തിമ പട്ടിക ആയിട്ടില്ല.
തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാലാണ് തുക വിതരണ നടപടികളിലേക്ക് കടക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ ന്യായീകരണം. ഈ മാസം അവസാനത്തോടെമാത്രമേ നിലവിലെ സാഹചര്യത്തില്‍ തുക വിതരണം ചെയ്യാന്‍ കഴിയൂവെന്നാണ് അറിയുന്നത്.
കുറ്റമറ്റ പട്ടിക തയാറാക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്. നിലവില്‍ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍ നേരത്തെ തന്നെ അധികൃതരുടെ പക്കലുണ്ട്.
ബന്ധുവീടുകളിലേക്കും മറ്റും മാറിയവരുടെ കണക്കുകള്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ നേരിട്ടെത്തിയാണ് ശേഖരിക്കുന്നത്. ഇതു പൂര്‍ണമായും പൂര്‍ത്തിയായ ശേഷമായിരിക്കും തുക വിതരണം ചെയ്യുക. ഓണക്കാലത്ത് അതത് വാര്‍ഡുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ടുദിവസമെങ്കിലും കഴിഞ്ഞവര്‍ക്ക് വില്ലേജ് ഓഫീസുകളില്‍നിന്ന് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തിരുന്നു.
വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ വെള്ളം കയറി സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അടിയന്തരസഹായവിതരണ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ പാകപ്പിഴകള്‍ പരിഹരിച്ച് ധനസഹായവിതരണം കാര്യക്ഷമവും വേഗത്തിലുമാക്കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ തവണ വില്ലേജ് ഓഫീസുകളില്‍നിന്ന് ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ തെറ്റായി രേഖപ്പെടുത്തിയതുമൂലം പലര്‍ക്കും ധനസഹായം ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു.
ഇത്തവണ അത് ഒഴിവാക്കാന്‍ ഒന്നില്‍കൂടുതല്‍ തവണ അക്കൗണ്ട് നമ്പറുകള്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതില്‍നിന്നു വ്യത്യസ്തമായി മലവെള്ളം കുത്തിയൊഴുകിയതോടെ വീടുകള്‍ താമസയോഗ്യമാക്കാന്‍ പലര്‍ക്കും ഏറെ കഷ്ടപ്പെടേണ്ടിവന്നു. കഴിഞ്ഞവര്‍ഷത്തേതിന് സമാനമായ രീതിയിൽതന്നെയാണ് അധികൃതരുടെ സമീപനമെന്നാണ് ദുരിതബാധിതരുടെ ആക്ഷേപം.