പാലക്കാട്: സംസ്ഥാന സർക്കാരിന്റെ പ്രളയാധുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരണപരിപാടിയായ നല്ലാതിനായ് വിശക്കാം പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചിറ്റൂർ ഗവണ്മന്റ് കോളജ് എൻ.എസ്.എസ്. വിദ്യാർഥികളും പ്രോഗ്രാം ഓഫീസർമാരും ഒരു നേരത്തെ ആഹാരമുപേക്ഷിച്ച് ഭക്ഷണത്തിനായി കരുതിയിരുന്ന ആ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വിദ്യാർഥികളും പ്രോഗ്രാം ഓഫീസർമാരും ജനപ്രതിനിധികളും ചേർന്ന് നൽകിയ തുകയായ അയ്യായിരം രൂപ ചിറ്റൂർ തഹസിൽദാർ കെ. രമ ഏറ്റുവാങ്ങി. യൂണിറ്റുകളുടെ വാർഷിക സപ്തദിന ക്യാന്പിനോടനുബന്ധിച്ചാണ് വളണ്ടിയർമാർ ഒരു നേരത്തെ നിരാഹാരം അനുഷ്ഠിച്ചത്.
മാസത്തിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടിയാണ് ന്ധനല്ലതിനായ് വിശക്കാംന്ധ. വിദ്യാർഥികളുടെ നിരാഹാരം അവസാനിപ്പിക്കാൻ നാരങ്ങാനീരുമായി പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശ്രീയും എത്തിയിരുന്നു. തുകയേക്കാൾ അധികം വിദ്യാർഥികകളുടെ മാനസിക മൂല്യം വലുതാണെന്ന് തഹസിൽദാർ അഭിപ്രായപ്പെട്ടു.
നന്ദിയോട് ഗവണ്മെന്റ് ഹൈസ്കൂളിൽ വെച്ച് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസറും ജില്ലാ കോഓർഡിനേറ്ററുമായ കെ. പ്രദീഷ്, സി. ജയന്തി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാരപരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശ്രീ, എം. വി. സന്ത്, കെ. സുരേഷ് കുമാർ, കോളേജ് പ്രിൻസിപ്പാൾ ഡോ. ആനന്ദ് വിശ്വനാഥ്, എം ജയദാസൻ, മെന്പർ ആർ. അറുമുഖൻ, സ്കൂൾ പി ടി. എ. പ്രസിഡന്റ് എസ്. ഷണ്മുഖൻ, എം. മോഹനൻ ആർ. ഗോപി എന്നിവർ സംസാരിച്ചു.