ചിറ്റൂർ: പ്രളയത്തിൽ തൊഴിൽ വരുമാനം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി ചിറ്റൂർ കോളജിലെ നാഷണൽ സർവീസ് സ്കീം കൂട്ടായ്മ. തങ്ങളുടെ ദത്തുഗ്രാമമായ പട്ടഞ്ചേരി പഞ്ചായത്തിലെ മൂന്നുകുടുംബങ്ങൾക്ക് വരുമാർഗ്ഗമായി ആടുകൾ വിതരണം ചെയ്താണ് വിദ്യാർത്ഥികൾ സഹായഹസ്തമായത്. നന്ദിയോട് ഗവണ്മെന്റ് ഹൈസ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്് കെ. ജയശ്രീ ആടുകൾ വിതരണം ചെയ്തു.
വിദ്യാർഥികൾ തന്നെ നിർമിച്ചുവിറ്റ തുണിസഞ്ചികൾ, ഗ്രോ ബാഗുകൾ, പേപ്പർ പേന, പേപ്പർ ഫയൽ, പട്ടഞ്ചേരി പഞ്ചായത്ത്, കുടുംബശ്രീ, ജൈവ കർഷകർ എന്നിവരുടെ സഹകരണത്തോടെ യൂണിറ്റുകൾ നടത്തിയ പച്ചക്കറി വിൽപന തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് വിദ്യാർഥികൾ ആട് വാങ്ങുന്നതിനായുള്ള പണം സ്വരൂപിച്ചത്.
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ കെ. പ്രദീഷ്, സി. ജയന്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ആടുവിതരണം കൂടാതെ സ്ത്രീകൾക്കായ് തൊഴിപരിശീലനം, പഞ്ചായത്തിലെ ഒരു കുളത്തിന്റെ പുനർനിർമ്മാണം, പ്രളയത്തിൽ ചെളിയടിഞ്ഞ കിണറിനെ ശുചീകരിക്കൽ, പ്രളയശേഷമുള്ള മണ്ണ് പരിശോധന, കുട്ടികൾക്കായുള്ള കലാപരിപാടികൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ പഞ്ചായത്തിൽ ഈ കൂട്ടായ്മ ഏറ്റെടുത്തു നടത്തി വരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശിവദാസൻ അധ്യക്ഷനായ ചടങ്ങിൽ മെന്പർമാരായ സി. ആറുമുഖൻ, ടി. ഉദയകുമാരി, കോളേജ് പ്രിൻസിപ്പൽ ഡോ. ആനന്ദ് വിശ്വനാഥ്, കർഷകരായ വിശ്വനാഥൻ, കെ. സേതുമാധവൻ, പൊതുപ്രവർത്തകരായ അജിത് ദേവ്, സുരേഷ്കുമാർ, സ്കൂൾ അധ്യാപകരായ പ്രവീണ്‍കുമാർ, ജയചന്ദ്രൻ, സ്കൂൾ, കോളേജ് പി. ടി. എ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.