കാക്കനാട്: പ്രളയദുരിതാശ്വാസ ഫണ്ടില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത സിപിഎം പ്രാദേശിക നേതാവിനെയും ഭാര്യയെയും കോടതിയില്‍ ഹാജരാക്കി.. ഇരുവരെയും ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാകും ഹാജരാക്കുക.
കാക്കനാട് പാട്ടുപുരക്കല്‍ നഗര്‍ നിലം പുതുവില്‍ നിധിന് (30), ഭാര്യ ഷിന്റു (27) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നിധിനെ കാക്കനാട് പോലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചത്. ഷിന്റുവിനെ ഇന്നലെ എറണാകുളം വനിതാ ജയിലിലേക്കും കൊണ്ടുപോയി.
സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും പാട്ടുപുര ലോക്കല്‍ സെക്രട്ടറിയുമാണ് നിധിന്. ഇവരെ വിശദമായ ചോദ്യം ചെയ്തശേഷം വീട്ടിലെത്തിച്ചും sതെളിവെടുപ്പ് നടത്തി.
അതിനിടെ ഇന്നലെ രാത്രി തൃക്കാക്കര പോലീസില്‍ കീഴടങ്ങിയ ഫണ്ട് തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ കാക്കനാട് സിവില്‍ ലൈനില്‍ മാധവം വീട്ടില്‍ ബി. മഹേഷിനെ ഇന്ന് ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തേക്കും.
കളക്ടറേറ്റിനു സമീപം താമസിക്കുന്ന കോഴി ഫാം ഉടമയായ മഹേഷാണ് ഫണ്ട് തട്ടിപ്പു ഗൂഡാലോചനയുടെ സൂത്രധാരന്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കേസിലെ മുഖ്യപ്രതി കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം സെക്ഷന്‍ ക്ലര്‍ക്ക് കാക്കനാട് മാവേലിപുരത്ത് വൈഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ഇയാള്‍.
അതിനിടെ, കേസില്‍ പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം കാക്കനാട് നിലം പതിഞ്ഞമുകള് രാജഗിരി വാലിയില്‍ എം.എം. അന്‍വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
കേസില്‍ താന്‍ നിരപരാധിയാണെന്നും കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദ്, മഹേഷ് എന്നിവര്‍ ചേര്‍ന്ന് തന്നെ ബലിയാടാക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രളയ ദുരിതം ബാധിക്കാത്ത നിലംപതിഞ്ഞ മുകള്‍ മേഖലയിലെ താമസക്കാരനായ അന്‍വറിന് ദുരിതാശ്വാസ ധനസഹായം ലഭിച്ചതില്‍ സഹകരണ ബാങ്ക് അധികൃതര്‍ ഉന്നയിച്ച സംശയമാണ് തട്ടിപ്പു പുറത്തു വരാന്‍ കാരണമായത്.
ഒന്നാം പ്രതിയായ വിഷ്ണുപ്രസാദാണ് ഷിന്റുവിന്റെ ദേനാ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. രണ്ടര ലക്ഷം രൂപ ഷിന്റുവിന്റെ അക്കൗണ്ടില്‍ വന്നദിവസം തന്നെ വിഷ്ണുവും മഹേഷും ചേര്‍ന്നു തുക പിന്‍വലിപ്പിച്ചു.
ഇതു ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിധിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പാസ്ബുക്കുകളും ചെക്കുബുക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. തന്റെ അക്കൗണ്ടിലെത്തിയ പണം വാങ്ങിക്കൊണ്ടുപോയ സംഘം ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നു ഷിന്റു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുള്ളത്.
അതേസമയം എം.എം. അന്‍വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സിംഗിള്‍ ബഞ്ച് പോലീസിനോടു വിശദീകരണം തേടി. ഹര്‍ജി 12 ന് വീണ്ടും പരിഗണിക്കും.