പത്തനംതിട്ട: ഇത്തവണത്തെ പ്രളയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ അടിയന്തര ധനസഹായം വിതരണം ചെയ്യേണ്ടവരുടെ പ്രാഥമിക പട്ടിക നാളെ പ്രസിദ്ധീകരിക്കുവാൻ ് മന്ത്രി കെ.രാജു ജില്ലാ കളക്ടർ പി.ബി നൂഹിന് നിർദേശം നൽകി. സെപ്റ്റംബർ ഏഴിനകം അടിയന്തര ധനസഹായമായ 10,000 രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുവാനും മന്ത്രി നിർദേശിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. മഴക്കെടുതികളെ തുടർന്ന് ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 3349 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞത്. ഏറ്റവും കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞത് തിരുവല്ല താലൂക്കിലാണ്. 2798 കുടുംബങ്ങളാണ് തിരുവല്ല താലൂക്കിലെ ക്യാന്പുകളിൽ ഉണ്ടായിരുന്നത്.
അടൂർ330, കോഴഞ്ചേരി184, മല്ലപ്പള്ളി22, റാന്നി15 എന്നിങ്ങനെയാണു മറ്റു ക്യാന്പുകളിൽ കഴിഞ്ഞ കുടുംബങ്ങളുടെ കണക്ക്. അർഹരായവരുടെ പ്രാഥമിക പട്ടികയാണ് നാളെ പ്രസിദ്ധീകരിക്കുന്നത്. വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ സംയുക്തമായി തയാറാക്കിയ പട്ടിക പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ പ്രസിദ്ധീകരിക്കും.
ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന പട്ടിക ജില്ലാ കളക്ടറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും പരിശോധിച്ചാകണം അന്തിമ പട്ടിക തയാറാക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക പട്ടികയായതിനാൽ അന്തിമ പട്ടികയിൽ മാറ്റം വരാമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ പി.ബി.നൂഹ്, സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ആർ.ബീനാറാണി, തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.