പാലക്കാട്: കാലുകൾക്കിടയിൽ ബ്രഷുകൾ കൂട്ടിപ്പിടിച്ച് ഒച്ച്, വള്ളങ്ങൾ, തെങ്ങ്, സൂര്യൻ എന്നിവകൊണ്ട് പ്രണവ് കാൻവാസിൽ മലയാളത്തെ വരച്ചുവെച്ചു. ജില്ലാ ഭരണകൂടവും വിവര-പൊതുജന സന്പർക്ക വകുപ്പും ചേർന്ന് സംഘടിപ്പിച്ച മലയാള ദിനാഘോഷം-ഭരണഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടന പരിപാടിയിലാണ് മുഖ്യാതിഥിയായി എത്തിയ ചിറ്റൂർ കോളേജ് വിദ്യാർഥി എം.ബി. പ്രണവ് മലയാളനാടിനെയും മലയാളഭാഷയെയും കാൻവാസിൽ തത്സമയം വരച്ചിട്ടത്.
കാലുകൾകൊണ്ട് ചിത്രം വരച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനെ തുടർന്ന് പ്രണവ് മന്ത്രി എ.കെ ബാലന്റേതടക്കം ഒട്ടെറെ പേരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ’മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷതാൻ’ എന്ന വള്ളത്തോൾ കവിത ഉദ്ധരിച്ച് മലയാള ഭാഷയുടെ പ്രാധാന്യം വിവരിച്ച പ്രണവ് സദസിന്റെ കൈയ്യടി നേടി.
അച്ഛനുമമ്മയും തന്നെയാണ് തന്റെ കൈകളെന്നും കൈകളില്ലാത്ത വ്യക്തിയായി ആരും തന്നെ കണക്കാക്കരുതെന്നും പ്രണവ്് പറഞ്ഞു. പ്രണവ് വരച്ച ചിത്രം ജീവനക്കാരിൽ നിരവധി പേർ മൊബൈൽ ഫോണിൽ പകർത്തി. എ.ഡി.എമ്മിനും സബ് കലക്ടർക്കുമൊപ്പം ജില്ലാ ഇൻഫർമേഷൻ ഓഫീസറിനൊപ്പം (ഇൻ-ചാർജ്ജ്) സെൽഫിയുമെടുത്താണ് പ്രണവ് മടങ്ങിയത്.