പാലാ: വനിതാ കമ്മീഷന് അംഗം ഡോ.പ്രമീളാദേവി പെണ്‍കുട്ടിയുടെ മാലപൊട്ടിച്ചു. ഒപ്പം പ്രമുഖ ബാല സിനിമാതാരം ബേബി മീനാക്ഷിയും. ഏഴാച്ചേരി കാവുംപുറം ഉമാ മഹേശ്വരക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ബാല മാന്ത്രികന് കണ്ണന്മോന് അവതരിപ്പിച്ച സൂപ്പര്‍ മിറക്കിള്‍ മാജിക് ഷോയില്‍ പങ്കെടുത്തുകൊണ്ടാണ് വനിതാ കമ്മീഷന് അംഗം ഡോ.പ്രമീളാദേവി സദസില്‍ നിന്നുവന്ന പെണ്‍കുട്ടിയുടെ മാലപൊട്ടിച്ചത്. ബേബി മീനാക്ഷിയായിരുന്നു വനിതാ കമ്മീഷന് അംഗത്തിന്റെ സഹായി. പള്ളിക്കത്തോട് സ്വദേശിയായ 11 കാരി സാന്ദ്രയാണ് മുത്തുമാലയുമായി വന്നത്.
മാലവാങ്ങിയ പ്രമീളാദേവി മുത്തുകള്‍ ഓരോന്നും പൊട്ടിച്ചെടുത്തു. കൊച്ചു മജീഷ്യന്‍ നല്കിയ നിര്‍ദ്ദേശത്തോടെ അവര്മാന്ത്രികവടി ചുഴറ്റി. ഞൊടിയിടക്കുള്ളില്‍ പൊട്ടിയ മുത്തുകളെല്ലാം ഒന്നായി ചേര്‍ന്നു കൊരുത്തു മാലയായി മാറി. കാണികള്‍ അത്യന്തം ആവേശത്തോടെയും നിറഞ്ഞ കൈയ്യടികളോടെയുമാണ് പ്രകടനത്തെ വീക്ഷിച്ചത്.
സിനിമാതാരം ബേബി മീനാക്ഷിയെ അഞ്ചു മിനിറ്റോളം ശൂന്യതയില്‍ നിര്‍ത്തിയ മജീഷ്യന്‍ കണ്ണന്‍മോന്റെ അടുത്ത പ്രകടനവും ശ്രദ്ധേയമായി. മാസ്റ്ററോള്‍ മിസ്റ്ററി എസ്കേപ്പ് എന്ന മായാജാല പ്രകടനമായിരുന്നു കണ്ണന്‍മോന്റെ മാസ്റ്റര്‍ പീസ്. പത്തുവയസില്‍ താഴെ പ്രായമുള്ള ഒരു മജീഷ്യന്‍ ഈ ഇനം അവതരിപ്പിക്കുന്നത് ആദ്യമായി ആണെന്നതിനാല്‍ കണ്ണിമ ചിമ്മാതെയാണ് സദസ്യര്‍ പ്രകടനം വീക്ഷിച്ചത്.
കണ്ണന്‍മോനെ ഡോ.പ്രമീളാദേവിയും, ബേബി മീനാക്ഷിയും രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് എന്നിവര്‍ ചേര്‍ന്ന് പുല്പായയില് പൊതിഞ്ഞുകെട്ടി.ഒരു മിനിറ്റിനുള്ളില്‍ സദസ്യര്‍ക്കിടയില്‍ വിസില്‍ മുഴക്കി കൊണ്ട് കൊച്ചുമജീഷ്യന് വേദിയിലേക്കെത്തിയപ്പോള്‍ വനിതാ കമ്മീഷനംഗമടക്കം ഏവരും കരഘോഷത്തോടെ സ്വീകരിച്ചു. മാത്രമല്ല ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയ കൊച്ചുമാന്ത്രികന് ഡോ.പ്രമീളാദേവി, ബേബി മീനാക്ഷി, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, കാവുംപുറം ദേവസ്വം പ്രസിഡന്റ് ടി.എന്‍ സുകുമാരന്‍നായര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു.
വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്്സ് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മജീഷ്യന്‍ കണ്ണന്മോന് ഇതിനകം നൂറോളം വേദികളില്‍ പ്രകടനം നടത്തിയിട്ടുണ്ട്. ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാര്‍ – ശ്രീജ ദമ്പതികളുടെ മകനായ കണ്ണന്‍മോനെ മായാജാല വിദ്യകള്‍ അഭ്യസിപ്പിച്ചത് മജീഷ്യന്‍ കോട്ടയം ജയദേവ്് ആണ്.